ഫ്ലോറിഡ: ഐവിഎഫ് (IVF) ചികിത്സയിലെ ഗുരുതരമായ അബദ്ധത്തെത്തുടർന്ന് മാറിപ്പോയ ഭ്രൂണത്തിലൂടെ ജനിച്ച പെൺകുഞ്ഞിനെ സ്വന്തം മകളായി വളർത്താൻ ദമ്പതികൾക്ക് കോടതി അനുമതി നൽകി. ഫ്ലോറിഡ സ്വദേശികളായ ടിഫാനി സ്കോർ, സ്റ്റീവൻ മിൽസ് എന്നീ വെള്ളക്കാരയ ദമ്പതികൾക്കാണ് ഓർലാൻഡോയിലെ ഫെർട്ടിലിറ്റി സെന്ററിന്റെ അബദ്ധം മൂലം കറുത്ത വർഗ്ഗക്കാരിയായ കുഞ്ഞ് ജനിച്ചത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു കുഞ്ഞിന്റെ ജനനം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ യഥാർത്ഥ ജൈവിക മാതാപിതാക്കളെ (Biological parents) ദമ്പതികൾ കണ്ടെത്തിയിരുന്നു. എന്നാൽ കുഞ്ഞുമായി വൈകാരികമായി ഏറെ അടുത്തതിനാൽ അവളെ വിട്ടുനൽകില്ലെന്ന് ഇവർ വ്യക്തമാക്കി.
തുടർന്ന് ഇരുവിഭാഗവും തമ്മിലുണ്ടാക്കിയ സംയുക്ത കസ്റ്റഡി കരാറിന് സെമിനോൾ കൗണ്ടി കോടതി ഈയാഴ്ച അംഗീകാരം നൽകി. ഇതോടെ കുഞ്ഞിന്റെ സ്ഥിരമായ രക്ഷാകർതൃത്വം ടിഫാനിക്കും സ്റ്റീവനും ലഭിച്ചു. അശ്രദ്ധ കാണിച്ച ഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെ ദമ്പതികൾ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.



