ഷാര്‍ജ: ഐപിഎല്ലില്‍ മായങ്ക് അഗര്‍വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ പഞ്ചാബ് കിങ്സ് ഇലവന് മികച്ച സ്കോര്‍. രാജസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്നെങ്കിലും പഞ്ചാബ് നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് അടിച്ചുകൂട്ടി. 50 പന്തില്‍ 106 റണ്‍സെടുത്ത മായങ്ക് അഗര്‍വാളും 54 പന്തില്‍ 69 റണ്‍സെടുത്ത നായകന് കെ.എല്‍ രാഹുലിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് പഞ്ചാബിനെ വമ്ബന്‍ സ്കോറിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബിനുവേണ്ടി മികച്ച തുടക്കമാണ് മായങ്കും രാഹുലും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യം വിക്കറ്റില്‍ 183 റണ്‍സാണ് അടിച്ചുകൂട്ടിയത്. രാഹുല്‍ കരുതലോടെ ബാറ്റുവീശിയപ്പോള്‍ രാജസ്ഥാന് ബൌളര്‍മാരെ നിര്‍ദയം പ്രഹരിച്ചുകൊണ്ടായിരുന്നു മായങ്കിന്റെ ബാറ്റിങ്. ഏഴു സിക്സറും 10 ബൌണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു മായങ്കിന്റെ സെഞ്ച്വറി. പതിനഞ്ചാമത്തെ ഓവറിലെ അവസാന പന്തില്‍ ശ്രേയസ് ഗോപാലിനെ ബൌണ്ടറി കടത്തിയാണ് ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി മായങ്ക് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ കെ.എല്‍ രാഹുല്‍ ഇത്തവണ കൂടുതല്‍ കരുതലോടെയാണ് ബാറ്റുവീശിയത്. ആഞ്ഞടിച്ച മായങ്ക് അഗര്‍വാളിന് മികച്ച പിന്തുണയാണ് രാഹുല്‍ നല്‍കിയത്. ഏഴു ബൌണ്ടറികളും ഒരു സിക്സറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്.
രാജസ്ഥാന് നിരയിലെ ഒട്ടുമിക്ക ബൌളര്‍മാരും മായങ്ക്-രാഹുല്‍ സഖ്യത്തിന്റെ ബാറ്റിങ് കരുത്തിന് മുന്നില്‍ നിഷ്പ്രഭരായി. ടോം കുറാന്, ശ്രേയസ് ഗോപാല്‍ എന്നിവര്‍ നാലോവറില്‍ 44 റണ്‍സ് വീതവും ജോഫ്ര ആര്‍ച്ചര്‍ നാലോവറില്‍ 46 റണ്‍സും വഴങ്ങി.



