മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബുധനാഴ്ച അജാക്സ് ആംസ്റ്റര്‍ഡാം മിഡ്ഫീല്‍ഡര്‍ ഡോണി വാന്‍ ഡി ബീക്കിനെ സ്വന്തമാക്കി. അജാക്സില്‍ നിന്ന് ഡോണി വാന്‍ ഡി ബീക്കിന്റെ വരവ് സ്ഥിരീകരിച്ചതില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സന്തോഷിക്കുന്നുവെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു. ഡച്ച്‌ മിഡ്ഫീല്‍ഡര്‍ അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതായും അറിയിച്ചു.

അജാക്സ് ഉല്‍പ്പന്നമായ 23 കാരനായ വാന്‍ ഡി ബീക്ക് 2015 ല്‍ ഡച്ച്‌ ക്ലബിന്റെ സീനിയര്‍ സ്ക്വാഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ എത്തിയ 2018-19 സീസണില്‍ അജാക്‌സിന്റെ പ്രധാന കളിക്കാരിലൊരാളായിരുന്നു അദ്ദേഹം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ 2017 ലെ യുവേഫ യൂറോപ്പ ലീഗ് ഫൈനലിലും വാന്‍ ഡി ബീക്ക് അജാക്‌സിനായി കളിച്ചു. സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ 2-0ന് ജയിച്ചാണ് ഇംഗ്ലീഷ് ടീം യൂറോപ്പ ലീഗ് ചാമ്പ്യന്മാരായത്.