ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണിമാഗ്)ന്റെ ഓണാഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച രാവിലെ പതിനൊന്നിന് ഓണാഘോഷ പരിപാടികള്‍ ആരംഭിക്കും. സ്റ്റാഫോര്‍ഡിലെ സെന്റ് ജോസഫ് ഹാളിലാണ് ഓണാഘോഷം. പതിനൊന്നരയോടുകൂടി ഓണം ഘോഷയാത്രയും താലപ്പൊലി, ചെണ്ടമേളം, നാടന്‍ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടുകൂടി മഹാബലി എഴുന്നെള്ളത്തും നടക്കും. തുടര്‍ന്ന് പൊതുസമ്മേളനം. 12 മണിയോടെ ഓണസദ്യ ആരംഭിക്കും. തുടര്‍ന്നാണ് കലാപരിപാടികള്‍ അരങ്ങേറുക. തിരുവാതിര, നൃത്ത നൃത്യങ്ങള്‍, ഫ്യൂഷന്‍ വാദ്യമേളങ്ങള്‍, സ്‌കിറ്റ് എന്നിവ അവതരിപ്പിക്കപ്പെടും.

ആയിരത്തി അഞ്ഞൂറോളം പേര്‍ക്കാണ് ഇത്തവണ ഓണസദ്യ ഒരുക്കുന്നതെന്ന് പ്രസിഡന്റ് അനില്‍ ആറന്മുള, സെക്രട്ടറി രാജേഷ് വര്‍ഗീസ്, ട്രഷറര്‍ ജിനു തോമസ് എന്നിവര്‍ അറിയിച്ചു. കോവിഡ് കാലത്തേ മാന്ദ്യത്തിനു ശേഷം മലയാളികള്‍ക്ക് ഒത്തുകൂടാന്‍ ഒരു വേദിയൊരുങ്ങുകയാണ്. ഹൂസ്റ്റണിലെ സ്വാദിന്റെ കലവറ എന്നറിയപ്പെടുന്ന സത്യാ കേറ്റേഴ്സ് ആണ് സദ്യയൊരുക്കുന്നത്.

ഫോട്‌ബെന്‍ഡ് ജഡ്ജ് കെ പി ജോര്‍ജ്, മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, കൗണ്ടി കോര്‍ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോര്‍ഡ് സിറ്റി പ്രോടെം മേയര്‍ കെന്‍ മാത്യു എന്നിവര്‍ പങ്കെടുക്കും. എല്ലാംകൊണ്ടും ഹ്യൂസ്റ്റന്‍ മലയാളികള്‍ക്കു കേരളത്തനിമയാര്‍ന്ന ഒരു ഓണാഘോഷം കാഴ്ചവയ്ക്കാന്‍ ഉള്ള പ്രയത്‌നത്തിലാണ് മാഗ് ഭാരവാഹികള്‍.