മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ബാലന് അത്ഭുതകരമായി രക്ഷപെട്ടു. 19 മണിക്കൂര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന അഞ്ച് വയസുകാരനാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മുഹമ്മദ് ബഞ്ചി എന്ന കുട്ടിയാണ് രക്ഷപെട്ടത്. ഈ കുട്ടിയുടെ കുടുംബാംഗങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തന്നെ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സൂചന.
എന്‍.ഡി.ആര്.എഫിന്‍െ്റ നേതൃത്വത്തില്‍ അപകടസ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇന്ന് ഉച്ചയ്ക്ക് ഒരു സ്ത്രീയുടെ കൂടി മൃതദേഹം കണ്ടെത്തിയതോടെയാണ് മരണസംഖ്യ ആറായി ഉയര്‍ന്നത്. 17 പേര് ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. എന്‍.ഡി.ആര്.എഫ് സംഘം തിരച്ചില്‍ തുടരുന്നു.
തിങ്കളാഴ്ച വൈകിട്ട് എഴ് മണിയോടെയാണ് റായ്ഗഡിലെ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണത്. തകര്‍ന്നുവീണ കെട്ടിടത്തിന് ആറ് വര്‍ഷത്തെ പഴക്കം മാത്രമേയുള്ളൂ. അഞ്ച് നിലകളിലായി നാല്‍പ്പത് ഫ്ളാറ്റുകള്‍ ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പരുക്കുകളോടെ പുറത്തെടുത്തവരെ മഹാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെട്ടിടം നിലംപൊത്താന്‍ തുടങ്ങിയതോടെ എഴുപതോളം പേര് പുറത്തേക്ക് ഓടി രക്ഷപെട്ടു. അല്ലായിരുന്നുവെങ്കില്‍ മരണസംഖ്യ ഇനിയും വര്ദ്ധിച്ചേനേയെന്ന് അധികൃതര്‍ പ്രതികരിച്ചു. സംസ്ഥാന മന്ത്രിമാരായ അതിഥി തത്കരെ, ഏക്നാഥ് ഷിന്‍ഡെ എന്നിവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.



