മസ്കറ്റ്: പ്രവാസി സംസ്കൃതി അസോസിയേഷന്റെ മസ്കറ്റ് ചാപ്റ്ററിന്റെ 2024ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം എഴുത്തുകാരിയായ ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന്റെ സ്നോ ലോട്ടസ് എന്ന നോവലിന് ലഭിച്ചു.
10,001 രൂപയും മഹാകവിയുടെ പേരുള്ള ശില്പവും പ്രശസ്തി പത്രവും മേയ് ഒമ്പതിന് രാവിലെ 10ന് മഹാകവി അധ്യാപകനായിരുന്ന വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വച്ച് കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സമ്മാനിക്കും.
തുരുത്തിക്കാട് ബിഎഎം കോളജ് മുൻ പ്രിൻസിപ്പൾ ഡോ. ജോസ് പാറക്കടവിൽ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ. സജി ചാക്കോ, മുതിർന്ന മാധ്യമപ്രവർത്തകൻ ഏബ്രഹാം തടിയൂർ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്
സാഹിത്യകാരിയും നോവലിസ്റ്റുമായ സോണിയ ചെറിയാൻ കണ്ണൂർ ജില്ലയിലെ പേരാവൂർ സ്വദേശിനിയാണ്. ഇന്ത്യൻ കരസേനയുടെ ലെഫ്റ്റനന്റ് കേണലായി വിരമിച്ചു. ഒരു പട്ടാളക്കാരുടെ ഓർമക്കുറിപ്പുകൾ, അവളവൾ ശരണം….. തുടങ്ങി നിരവധി നോവലുകളുടെയും പുസ്തകങ്ങളുടെയും ഗ്രന്ഥകർത്താവാണ്.
പത്രസമ്മേളനത്തിൽ ഡോ. സജി ചാക്കോ, ബിജു ജേക്കബ് കൈതാരം, സാമുവേൽ പ്രക്കാനം എന്നിവർ പങ്കെടുത്തു.