ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഭാഷാ സ്നേഹികളുടെ സംഘടനയായ മലയാളം സൊസൈറ്റിയുടെ ഓഗസ്റ്റ് മാസ സമ്മേളനം ഒന്പതിനു കോണ്‍ഫറന്‍സ് കോളിലൂടെ നടത്തി. ജോര്‍ജ് മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു. ആദ്യമായി മലയാളം സൊസൈറ്റിയിലെ അംഗങ്ങള്‍ ഏറ്റവും പുതുതായി എഴുതിയ പുസ്തകങ്ങളെക്കുറിച്ച് സ്വയം പരിചയപ്പെടുത്തി. നൈനാന്‍ മാത്തുള്ള അദ്ദേഹത്തിന്‍റെ വെളിപ്പാടുപുസ്തക വ്യാഖ്യാനവും ജോണ്‍ കുന്തറ അദ്ദേഹത്തിന്‍റെ “Stories Appa Told’ എന്ന ഇംഗ്ലീഷ് പുസ്തകവും അവതരിപ്പിച്ചു.
മിഷനറിമാര്‍ മലയാളത്തിന്‍റെ വളര്‍ത്തച്ഛന്മാര്‍ എന്ന വിഷയം മണ്ണിക്കരോട്ടും ചിരി ഒരു ഔഷധം എന്ന വിഷയം സുകുമാരന്‍ നായരും അവതരിപ്പിച്ചു. എസി. ജോര്‍ജ് മോഡറേറ്റര്‍. ആയിരുന്നു. സംസ്കാരത്തിന്‍റെ സര്‍വതോന്മുഖമായ വികാസത്തിന് ഭാഷയുടെ അനസ്യൂതമായ വളര്‍ച്ച അനിവാര്യമാണ് എന്ന ആമുഖത്തോടെയാണ് മണ്ണിക്കരോട്ട് വിഷയം അവതരിപ്പിച്ചത്.
കേരളത്തിലെത്തിയ മിഷനറിമാരില്‍ പ്രധാനപ്പെട്ടവരെക്കുറിച്ച് വിശദീകരിച്ചു. ജര്‍മന്‍കാരനായ യൊവാന്‍ എണസ്റ്റ് ഹാങ്സിഡെന്‍ എന്ന അര്‍ണോസ് പാതിരി, ഐറിഷുകാരനായ റോബര്‍ട് കാല്‍ഡ്വല്‍, ആഗ്ളിക്കന്‍ മിഷനറിയായ ബെഞ്ചമിന്‍ ബെയ്‌ലി, ജര്‍മന്‍കാരനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ സ്ത്രീ വിദ്യാഭ്യാസത്തിനും കേരള സംസ്ക്കാരത്തിനുതന്നെ സ്ഥായിയായ മാറ്റം വരുത്തി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും അതോടൊപ്പം അവരെ വിസ്മരിക്കുന്നതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
സുകുമാരന്‍ നായര്‍ ചിരി ഒരു ഔഷധം എന്ന വിഷയം അവതരിപ്പിച്ചു. ജീവിതത്തിന്‍റെ പിരിമുറുക്കത്തിലും മുരടിപ്പിലും പ്രായത്തിന്‍റെ കടന്നുകയറ്റത്തിലും ചിരിക്കാന്‍ മറക്കുന്നവരും മറന്നവരുമാണ് മിക്കവരും എന്ന ആമുഖത്തോടെ സുകുമാരന്‍ നായര്‍ പ്രഭാഷണം ആരംഭിച്ചു. യാതൊരു വിലയും നല്‍കാതെ ആര്‍ക്കും അനായാസേന ലഭ്യമാക്കാന്‍ കഴിയുന്ന ഒന്നാണ് തമിഴില്‍ പുന്നകൈ എന്നറിയപ്പെടുന്ന പുഞ്ചിരി എന്ന് അദ്ദേഹം അറിയിച്ചു. ചിരിയിലെ കള്ളച്ചിരിയെക്കുറിച്ചും പരിഹാസചിരിയെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. രാജാറാണി എന്ന സിനിമയില്‍ ചിരിക്കില്ല എന്നു വാശിപിടിച്ച ടി.എ. മധുരത്തെ ചിരിപ്പിക്കാന്‍ എന്‍.എസ്. കൃഷ്ണന്‍ അവതരിപ്പിച്ച ചിരിപ്പ് എന്ന ഗാനവും അദ്ദേഹം സദസ്യര്‍ക്കായി പങ്കുവച്ചു. ചര്‍ച്ചയില്‍ ചിരിയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് ഏവരും സംസാരിച്ചു. ആശയവിനിമയം സുഗമമാക്കാനും മാനസിയ രോഗങ്ങളുടെ പരിഹാരത്തിനുമൊക്കെ ചിരി ഉപകരിക്കും. ചിരി ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ സഹായം നല്‍കുമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി.
പൊതു ചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, ജോണ്‍ കുന്തറ, മാത്യു പന്നപ്പാറ, നൈനാന്‍ മാത്തുള്ള, ടി.എന്‍. സാമുവല്‍, തോമസ് കളത്തൂര്‍, സുകുമാരന്‍ നായര്‍, അല്ലി എസ്. നായര്‍, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ടി.ജെ. ഫിലിപ്പ്, ജെയിംസ് ചിറത്തടത്തില്‍, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു. പൊന്നു പിള്ളയുടെ നന്ദി പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.
വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് 281 857 9221, ജോളി വില്ലി 281 998 4917, പൊന്നു പിള്ള 281 261 4950, ജി. പുത്തന്‍കുരിശ് 281 773 1217



