ന്യൂഡല്‍ഹി: മലബാര്‍ നാവികാഭ്യാസം പൂര്‍ത്തിയായതിന് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ റഷ്യയുമായി കൈകോര്‍ത്ത് ഇന്ത്യ. ഇരു രാജ്യങ്ങളും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കന്‍ മേഖലയില്‍ സംയുക്ത നാവികാഭ്യാസം നടത്തി. ലഡാക്കിലെ സംഘര്‍ഷത്തിന് ശേഷം നിരവധി രാജ്യങ്ങളാണ് പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നത്.

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സംയുക്ത നാവികാഭ്യാസത്തിനാണ് ഇന്ത്യയും റഷ്യയും തുടക്കം കുറിച്ചത്. ഐഎഎന്‍സ് ശിവാലിക്, അന്തര്‍വാഹിനി വേധ യുദ്ധക്കപ്പലായ ഐഎന്‍എസ് കട്മറ്റ് എന്നിവയും അവയുടെ ഭാഗമായ ഹെലികോപ്റ്ററുകളും നാവികാഭ്യാസത്തില്‍ പങ്കെടുത്തു. വര്യാഗ്, അന്തര്‍ വാഹിനി വേധ യുദ്ധക്കപ്പലായ പന്റെലെയേവ്, ടാങ്കറായ പെചെങ്ക എന്നിവയാണ് റഷ്യ അണിനിരത്തിയത്. നാവികാഭ്യാസം ഇരുസേനകളുടെയും പരസ്പരമുളള പ്രവര്‍ത്തനക്ഷമത മനസിലാക്കാന്‍ സഹായിക്കുമെന്ന് നാവികസേനാ വക്താവ് കമാന്‍ഡര്‍ വിവേക് മാധവാള്‍ പറഞ്ഞു.

ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഒന്നിച്ച്‌ ചേര്‍ന്ന് നവംബര്‍ 3ന് ആരംഭിച്ച മലബാര്‍ നാവികാഭ്യാസം അടുത്തിടെയാണ് പൂര്‍ത്തിയായത്. ക്ഷണം സ്വീകരിച്ച്‌ ഓസ്‌ട്രേലിയ നാവികാഭ്യാസത്തില്‍ പങ്കെടുത്തതോടെ ചൈന പ്രകോപിതരായിരുന്നു. അമേരിക്കന്‍ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയ വന്‍ സാമ്ബത്തിക ആഘാതം നേരിടേണ്ടിവരുമെന്നായിരുന്നു ചൈനയുടെ ഭീഷണി.