മുംബൈ: മയക്കുമരുന്ന്​ കേസില്‍ അന്തരിച്ച നടന്‍ സുശാന്ത്​ സിങ്​ രജ്​പുത്തിന്റെ പാചകക്കാരന്‍ ദീപേഷ്​ സാവന്തിനെ നാര്‍കോടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്​റ്റ്​ ചെയ്​തു. ശനിയാഴ്​ച രാവിലെ മുതല്‍ സാവന്തിനെ ചോദ്യം ചെയ്​ത്​ വരികയായിരുന്നു. ഇതോടെ കേസില്‍ അറസ്​റ്റിലായവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

സാക്ഷിയുടെ റോളാണ്​​ സാവന്തിന്​ കേസിലുള്ളതെന്ന്​ എന്‍.സി.ബി ഉദ്യോഗസ്​ഥന്‍ പറഞ്ഞിരുന്നു. സുശാന്തിന്റെ കാമുകിയായ റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ സൗവിക്​ ചക്രബര്‍ത്തിയും മാനേജര്‍ സാമുവല്‍ മിറാന്‍ഡയും നേരത്തെ അറസ്​റ്റ്​ ചെയ്​തിരുന്നു.

റിയയുടെ നിര്‍ദേശപ്രകാരം സുശാന്തിനായി സാമുവല്‍ വഴി മയക്കു​മരുന്ന്​ എത്തിച്ചിരുന്നതായി സൗവിക്ക്​ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്​ഥര്‍ അറിയിച്ചിരുന്നു. സൗവിക്കിന്റെ നിര്‍ദേശപ്രകാരം മയക്കുമരുന്ന്​ എത്തിച്ചതായി മിറാന്‍ഡയും സമ്മതിച്ചിരുന്നു.

34 കാരനായ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ചുരുളഴിക്കാന്‍ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ട്രേറ്റ്​, സി.ബി.ഐ, എന്‍.സി.ബി എന്നീ മൂന്ന്​ ഏജന്‍സികളാണ്​ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്​. ജൂണ്‍ 14നാണ്​ നടനെ മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്​.