ന്യൂഡല്‍ഹി : സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ദീപികാ പദുക്കോണിനെ ചോദ്യം ചെയ്യും. ദീപികയും ടാലന്റ് മാനേജ്മെന്റ് ഏജന്‍സിയായ ക്വാനിലെ ജീവനക്കാരിയായ കരിഷ്മയും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി ദീപികയെ ചോദ്യം ചെയ്യുന്നത്.

നേരത്തെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടിമാരായ സാറാ അലിഖാനെയും, ശ്രദ്ധാ കപൂറിനെയും എന്‍സിബി ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ദീപികയിലേക്കും അന്വേഷണം നീളുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

നിലവില്‍ ദീപികയും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന നിഗമനത്തിലാണ് എന്‍സിബി സംഘം. മയക്കുമരുന്നുമായി ബന്ധപ്പെട്ടാണ് ദീപികയും ക്വാനിലെ ജീവനക്കാരിയും തമ്മില്‍ സംസാരിച്ചിരിക്കുന്നത്.

ദീപികയ്ക്ക് പുറമേ നടന്‍ രാകുല്‍ പ്രീത് സിംഗ്, ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ കമ്പാട്ടാ, പ്രൊഡ്യൂസര്‍ മധു മന്തേന വര്‍മ്മ, എന്നിവരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.