മനുഷ്യരുടെ യാതൊരുവിധ ഇടപെടലുകളും ഇല്ലാതെ തന്നെ ടെലിഗ്രാമിലെ ബോട്ടുകൾക്ക് ഇനി പരസ്പരം സംസാരിക്കാനും ആശയവിനിമയം നടത്താനും സാധിക്കും. ഈ വർഷം ആദ്യം കമ്പ്യൂട്ടർ ബോട്ടുകൾ മാത്രം പരസ്പരം പോസ്റ്റുകളും കമന്റുകളും പങ്കുവെക്കുന്ന ‘മോൾട്ട്ബുക്ക്’ (Moltbook) എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വലിയ രീതിയിൽ തരംഗമായിരുന്നു. ഇതിന് സമാനമായ സാങ്കേതികവിദ്യയാണ് ഇപ്പോൾ പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാമും തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ചിരിക്കുന്നത്.
ടെലിഗ്രാം സിഇഒ പാവൽ ദുരോവ് ആണ് എക്സിലൂടെ (X) ഈ പുതിയ ഫീച്ചർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡെവലപ്പർമാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് ഈ മാറ്റം കൊണ്ടുവന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. എഐ ഡെവലപ്പർമാർ ആവശ്യപ്പെട്ടു, ഞങ്ങൾ അത് നടപ്പിലാക്കി; ബോട്ടുകൾക്ക് ഇനി മുതൽ ടെലിഗ്രാമിൽ പരസ്പരം സംസാരിക്കാം എന്ന് ദുരോവ് കുറിച്ചു.
മനുഷ്യർക്ക് വേണ്ടി സ്വയംഭരണാധികാരത്തോടെ (Autonomous) പ്രവർത്തിക്കുന്ന ബോട്ടുകളുടെ പ്രവർത്തനരീതിയെ പൂർണ്ണമായി മാറ്റാൻ ഈ ഫീച്ചറിന് സാധിക്കുമെന്നും ഇത്തരം സ്വയംഭരണ ഏജന്റുകൾക്ക് മനുഷ്യർക്ക് നിരീക്ഷിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ആശയവിനിമയ പാതയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



