മലപ്പുറം: ഒതായി മനാഫ് വധക്കേസില്‍ 25 വര്‍ഷത്തിനു ശേഷം പോലിസിന്റെ പിടിയിലായ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ കേടതി നിരസിച്ചു. ഒതായി മാലങ്ങാടന്‍ ഷഫീഖിന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി സെഷന്‍സ് കോടതി തള്ളിയത്. 24 വര്‍ഷമായി നിയമത്തെ കബളിപ്പിച്ചു നടന്ന പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 1995 ഏപ്രില്‍ 13ന് യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപ്പറമ്ബന്‍ മനാഫിനെ ഒതായി അങ്ങാടിയില്‍ കുത്തിക്കൊന്ന കേസിലെ പ്രതിയായ ഷഫീഖ് 24 വര്‍ഷമായി ഒളിവിലായിരുന്നു. യുഎഇയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ ഷഫീഖിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പോലിസ് പിടികൂടിയത്. നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ സഹോദരീ പുത്രനാണ്. എളമരം മപ്രം പയ്യനാട്ടുതൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍, നിലമ്ബൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ്, ഒന്നാംപ്രതി ഷഫീഖിന്റെ സഹോദരന്‍ മാലങ്ങാടന്‍ ഷരീഫ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവര്‍ വിവിധ ഘട്ടങ്ങളിലായി കോടതിയില്‍ കീഴടങ്ങിയിരുന്നു. പി വി അന്‍വര്‍ എംഎല്‍എയും കേസില്‍ നേരത്തേ പ്രതിയായിരുന്നെങ്കിലും 21 പേരെ കോടതി വെറുതെവിട്ടപ്പോള്‍ കുറ്റവിമുക്തനാവുകയായിരുന്നു.