പത്തനംതിട്ട: ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റാന്നി കോടതിയിലാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വനം വകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം സംസ്കരിക്കാതെയുള്ള കുടുംബത്തിന്‍റെ പ്രതിഷേധം 17 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണ വിധേയരായ മുഴുവന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം.

വനപാലകര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസിന് നിയമോപദേശം കിട്ടിയതും കേസില്‍ ഹൈക്കോടതി ഇടപെട്ടതും കുടുംബത്തിന്റെ പ്രതീക്ഷ കൂട്ടുന്നു. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളര്‍ന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മത്തായി. സംസ്കാരം നടത്തുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

ഓര്‍ത്തഡോക്സ് സഭ വഴി കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുന്നു. മൃതദേഹം സംസ്കരിക്കാതെയുള്ള പ്രതിഷേധം സംസ്ഥാന ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. 2015 ല്‍ ഗോവയിലെ പരിസ്ഥിതി ബിസ്മോര്‍ക്ക് ഡയസിന്റെ മൃതദേഹം മൂന്ന് വര്‍ഷം സംസ്കരിക്കാതെ കുടുംബം പ്രതിഷേധിച്ചിരുതാണ് സമാന സംഭവം. കഴിഞ്ഞ മാസം 28നാണ് മത്തായിയെ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ സ്വന്തം ഫാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.