ആറ്റിലേക്ക് ചാടിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രകാശ് കങ്ങഴയ്ക്കായുള്ള തെരച്ചിൽ രണ്ടാം ദിവസവും വിഫലമായി. വെളിച്ചം നഷ്ടമായതോടെ വൈകുന്നേരം ആറുമണിയോടെ തെരച്ചിൽ അവസാനിപ്പിച്ചു. കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേനയ്ക്കു പുറമെ കോട്ടയത്തു നിന്നെത്തിയ മുങ്ങൽ വിദഗ്ദരും പൂഞ്ഞാർ നന്മക്കൂട്ടം പ്രവർത്തകരും മണിമലയാറ്റിൽ തെരച്ചിൽ നടത്തിയിരുന്നു. രാവിലെയെത്തിയ നന്മക്കൂട്ടത്തിലെ പരിശീലനം ലഭിച്ച മുപ്പതോളം പ്രവർത്തകർ വൈകുന്നേരം അഞ്ചു മണിയോടെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങി.
തിങ്കളാഴ്ച്ച് രാവിലെ പത്തു മണിയോടെയാണ് കങ്ങഴ സ്വദേശിയായ പ്രകാശ് മണിമല പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയത്. ശക്തമായ അടിയൊഴുക്കുള്ളതും ജലനിരപ്പുയർന്നതും തെരച്ചിൽ ദുഷ്‌കരമാക്കിയിരുന്നു. ഇന്ന് കൂടുതൽ സംവിധാനങ്ങളെത്തുന്നതോടെ പ്രകാശിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസും നാട്ടുകാരും.



