ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ മണം, രുചി എന്നിവ തിരിച്ചറിയാനാകാത്തത് കോവിഡ് 19 ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പനി, ചുമ, തളര്‍ച്ച, ശ്വാസതടസം, കഫം, പേശിവേദന, കടുത്ത ജലദോഷം, തൊണ്ടവേദന, വയറിളക്കം എന്നിങ്ങനെ ഏഴുലക്ഷണങ്ങളാണ് ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ കോവിഡ് 19 എന്ന മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

രോഗബാധിത വ്യക്തിയുമായുളള വളരെ അടുത്ത സമ്ബര്‍ക്കത്തിലൂടെയാണ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതെന്നും ഇതില്‍ വ്യക്തമാക്കുന്നു. ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും പുറത്തേക്ക് തെറിക്കുന്ന ശരീര സ്രവങ്ങള്‍ വഴിയാണ് രോഗം പകരുന്നത്. ഇവ ഏതെങ്കിലും പ്രതലത്തില്‍ പറ്റിപ്പിടിച്ചിരിക്കാനും സാദ്ധ്യതയുണ്ട്.

മറ്റൊരാള്‍ ഈ പ്രതലത്തില്‍ സ്പര്‍ശിച്ച ശേഷം അതേ കൈ ഉപയോഗിച്ച്‌ കണ്ണ്, മൂക്ക് എന്നിവയില്‍ അറിയാതെയെങ്കിലും തൊടുകയാണെങ്കില്‍ വൈറസ് ബാധയുണ്ടാകും.

60 വയസിലേറെ പ്രായമുള്ളവരെയാണ് കോവിഡ് ഗുരുതരമായി ബാധിക്കുക. പ്രമേഹം, രക്തസമ്മര്‍ദ്ദം ഹൃദ്രോഗം എന്നിവയുളളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ അപകട സാദ്ധ്യത കൂടുതലായിരിക്കും.