ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭൂമാഫിയയില്‍ നിന്ന് പിടിച്ചെടുത്ത സ്ഥലങ്ങളില്‍ പാവപ്പെട്ട ആളുകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് നിയമസഭയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്. ഭൂമാഫിയ അനധികൃതമായി കൈവശം വച്ചിരുന്ന 67,000 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതായി അദ്ദേഹം നേരത്തെ സഭയെ അറിയിച്ചിരുന്നു. ഇതില്‍ അനുയോജ്യമായ സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത ശേഷമായിരിക്കും പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ഇതിന് പുറമെ യുവാക്കള്‍ക്കിടയില്‍ കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വലിയ ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കാനും ഈ സ്ഥലങ്ങള്‍ വിനിയോഗിക്കും.
എംഎല്‍സി സുരേഷ് കുമാര്‍ ത്രിപാഠിയുടെ ചോദ്യത്തിന് മറുപടിയായാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. ‘2017ലാണ് ഈ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ആളുകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിച്ചു. ആദായനികുതി വകുപ്പ് 67,000 ഏക്കര്‍ ഭൂമിയാണ് തിരിച്ചു പിടിച്ചത്. കായികമന്ത്രാലയത്തിന് കീഴില്‍ ഈ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി കായികവിനോദങ്ങള്‍ക്കായി ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കുന്നതിനും മുന്‍ഗണന നല്‍കുന്നുണ്ട്. പഞ്ചായത്ത് തലം മുതല്‍ ഇത്തരം ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. സ്‌കൂളുകള്‍ക്ക് സമീപം ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന ഗ്രൗണ്ടുകളില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ സാധിക്കും. ഗ്രാമങ്ങളിലാണെങ്കില്‍ അവര്‍ക്ക് പൊതു പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഇടങ്ങളും ലഭിക്കും’ മുഖ്യമന്ത്രി പറഞ്ഞു.
അടുത്തിടെ യുപിയില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 46 ശതമാനവും ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 56 ശതമാനവും വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വനിതകള്‍ ഭരണരംഗത്തേക്ക് കൂടുതലായി എത്തുന്നതിനേയും മുഖ്യമന്ത്രി പ്രശംസിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍ കൈമാറാനുള്ള കാര്യങ്ങളും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു.



