ബെയ്ജിംഗ് : ഭീകരത നിയന്ത്രിക്കാന്‍ ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ജനന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ചൈന . ഉയിഗുര്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ശബ്ദമുയര്‍ത്തുന്നതിനിടയ്‌ക്കാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ചൈനയുടെ തീരുമാനം .

ഔദ്യോഗിക ചൈനീസ് രേഖകളുടെയും അക്കാദമിക് ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ ജര്‍മ്മന്‍ ഗവേഷകനായ അഡ്രിയാന്‍ സെന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ നിയന്ത്രണങ്ങളെ കുറിച്ച്‌ പരാമര്‍ശിക്കുന്നത് . സെന്‍ട്രല്‍ ഏഷ്യന്‍ സര്‍വേയില്‍ പ്രസിദ്ധീകരിച്ച ‘ ഉയിഗുര്‍ വംശത്തിന്റെ ആധിപത്യം അവസാനിപ്പിക്കുക ‘ എന്ന റിപ്പോര്‍ട്ടില്‍ തെക്കന്‍ സിന്‍ജിയാങ്ങിലെ ജനസംഖ്യാ ഒപ്റ്റിമൈസേഷന്‍ തന്ത്രം വംശഹത്യയ്‌ക്ക് തുല്യമാണെന്നാണ് വിവരിക്കുന്നത് . മാത്രമല്ല കൂടാതെ, ഉയിഗുറുകളില്‍ കര്‍ശനമായ ജനന നിയന്ത്രണങ്ങളും ചൈന ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പോപ്പുലേഷന്‍ ഒപ്റ്റിമൈസ് സ്ട്രാറ്റജി നടപ്പാക്കുന്നതിലൂടെ മാത്രമേ സിന്‍ജിയാങ് മേഖലയിലെ ഉയിഗുര്‍ ജനസംഖ്യ നിയന്ത്രിക്കാനാകൂവെന്നാണ് സിന്‍ജിയാങ് മേഖലയിലെ ചൈനീസ് അക്കാദമിക് വിദഗ്ധരും രാഷ്‌ട്രീയക്കാരും വിശ്വസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു . സിന്‍ജിയാങ്ങിലെ ജനസംഖ്യഘടന തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും ചൈനീസ്​ സര്‍ക്കാര്‍ നടത്തുന്നുണ്ട്. രാജ്യത്തി​​ന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് ഹാന്‍ വംശജരെ കുട്ടത്തോടെ സിന്‍ജിയാങ്ങില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ദശകങ്ങളായി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ സിന്‍ജിയാങ്ങിലെ ഹാന്‍ ജനസംഖ്യ വര്‍ധിപ്പിക്കാനും ചൈനീസ്​ ഭരണകൂടത്തിനായി.