തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ 45കാരന്‍ മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്ബാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര സ്വദേശിയായ പുത്തന്‍ വീട്ടില്‍ മുരളീധരന്‍ (45) ആണ് മരിച്ചത്.

ഭാര്യയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്താനായി ഇയാള്‍ സ്ഫോടകവസ്തുവുമായി എത്തിയപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ച സ്ഫോടനത്തിലാണ് ഇയാള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. വീട്ടിനുള്ളില്‍ കടന്ന് ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്ഫോടക വസ്തു ഉപയോഗിക്കാന്‍ ശ്രമിക്കവെ അത് അബദ്ധവശാല്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടുകാര്‍ ഇറങ്ങിവന്നപ്പോഴേക്കും മുരളീധരന്റെ മരണം സംഭവിച്ചിട്ടുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാര്യ സരിതയുമായി തെറ്റിയിരിക്കുകയായിരുന്ന മുരളീധരന്‍ ശനിയാഴ്ച ഉച്ചയോടെയാണ് സ്ഫോടകവസ്തുവുമായി വീട്ടിലെത്തിയത്. 15 വര്‍ഷം മുമ്ബാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രണ്ട് ആണ്‍മക്കളുണ്ട് ഇവര്‍ക്ക്.

വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്താനായിരുന്നു ഇയാള്‍ സ്‌ഫോടക വസ്തു കൈയില്‍ സൂക്ഷിച്ചതെന്നാണ് വിവരം. പാറമടയില്‍ തൊഴിലാളിയാണ് മരിച്ച മുരളീധരന്‍.