ഹൈദരാബാദ് : പണത്തിനായി രണ്ടു മാസം പ്രായമായ കുഞ്ഞിനെ വിറ്റ സംഭവത്തില്‍ ‘അമ്മ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍ . ഹൈദരബാദിലെ ഹബീബ് നഗറിലാണ് സംഭവം.

ഭര്‍ത്താവുമായി കുറച്ച്‌ ദിവസമായി അകന്നുകഴിയുകയായിരുന്നു യുവതി . വാക്കുതര്‍ക്കത്തിനെ തുടര്‍ന്നാണ് ഇവരുടെ ഭര്‍ത്താവ് പിണങ്ങി പോയത് . ഇതിന് പിന്നാലെയാണ് കുഞ്ഞിനെ വിറ്റത് . ജീവിതം വഴിമുട്ടിയതോടെയാണ് കുഞ്ഞിനെ വിറ്റതെന്ന് യുവതി വെളിപ്പെടുത്തി . രണ്ട് മധ്യസ്ഥരുടെ സഹായത്തോടെയാണ് യുവതി കുഞ്ഞിനെ വിറ്റത്. ഇതിന് ഇടനിലക്കാരായി നിന്നവരെയും കുഞ്ഞിനെ വാങ്ങിയവരെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു .

ഓഗസ്റ്റ് 11ന് ഹബീബ് നഗര്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് യുവതി കുഞ്ഞിനെ വിറ്റ കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. 45,000 രൂപയ്ക്ക് കുഞ്ഞിനെ അയല്‍വാസികള്‍ക്കാണ് വിറ്റതെന്ന കാര്യവും ഇയാള്‍ പൊലീസിനെ അറിയിച്ചു. ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ യുവതി കുഞ്ഞിനെ വിറ്റ കാര്യം പൊലീസിനോട് സമ്മതിച്ചു.

യുവതിയും ഭര്‍ത്താവായ അബ്ദുല്‍ മുജാഹിദും ആഗസ്റ്റ് മൂന്നിന് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് വീടുവിട്ടിറങ്ങി. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ യുവതി ഏറെ അസ്വസ്ഥയായിരുന്നു. സാമ്ബത്തിക ചെലവിന് പോലും കൈയില്‍ തുകയില്ലാതയപ്പോള്‍ കുഞ്ഞിനെ വില്‍ക്കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. ഓഗസറ്റ് എട്ടിന് വീട്ടിലെത്തിയ ഭര്‍ത്താവ് മകനെ ചോദിച്ചപ്പോള്‍ കുഞ്ഞിനെ വിറ്റകാര്യം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി .

പരാതിയുടെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികള്‍ക്കൊപ്പം യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഭര്‍ത്താവിന്റെ കുടുംബത്തിന് പൊലീസ് കൈമാറി.