പാരിസ്: ക്രൂരമായി പീഡിപ്പിച്ച ഭര്‍ത്താവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിയെ വെറുത് വിട്ട് ഫ്രഞ്ച് കോടതി. ഒരു വര്‍ഷത്തെ വിചാരണത്തടവിന് ശേഷം കേസ് പരിഗണിച്ചപ്പോഴാണ് വലേറി ബാക്കോട്ട് എന്ന യുവതിയെ കോടതി കുറ്റവിമുക്തയാക്കിയത്. നാല് മക്കളുള്ള ഇവര്‍ ഭര്‍ത്താവും രണ്ടാനച്ഛനുമായിരുന്ന ഡാനിയേല്‍ പോളറ്റിന്റെ ക്രൂരപീഡനം സഹിക്കാന്‍ വയ്യാതെ 2016ലാണ് കൊലപാതകം നടത്തിയത്. പിന്നീട്, കോടതി ഇവരെ ഒരുവര്‍ഷത്തെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. തൊട്ടുപിന്നാലെ ബാക്കോട്ടിന്റെ മോചനത്തിനായി രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറി.
@ രണ്ടാനച്ഛന്‍ ഭര്‍ത്താവായി
പോളറ്റ് ബാക്കോട്ടിന്റെ രണ്ടാനച്ഛന്‍ ആയിരുന്നു. 12 വയസ്സുമുതല്‍ ഇയാള്‍ ബാക്കോട്ടിനെ ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് ബാക്കോട്ട് ഇക്കാര്യം അമ്മയോട് പറയുകയും പോളറ്റിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ശിക്ഷയ്ക്ക് ശേഷം വീട്ടിലെത്തിയ ഇയാള്‍ ഇനിയൊരിക്കലും ഇതാവര്‍ത്തിക്കില്ലെന്ന് ബാക്കോട്ടിന്റെ അമ്മയോട് പറഞ്ഞു. എന്നാല്‍, രഹസ്യമായി ഇയാള്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് ബാക്കോട്ട് പറയുന്നു.
17-ാം വയസ്സില്‍ ഗര്‍ഭിണിയായതോടെ ഇയാള്‍ ബാക്കോട്ടിനെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹശേഷം ക്രൂരപീഡനങ്ങളാണ് പോളറ്റില്‍ നിന്ന് ബാക്കോട്ട് അനുഭവിച്ചത്.
ഗര്‍ഭ നിരോധന മാര്‍ഗങ്ങളൊന്നും സ്വീകരിക്കാന്‍ പോളറ്റ് തന്നെ അനുവദിക്കുമായിരുന്നില്ലെന്നും അടുത്തടുത്ത് മൂന്ന് കുട്ടികളെ തനിക്ക് പ്രസവിക്കേണ്ടി വന്നെന്നും ബാക്കോട്ട് പറയുന്നു.
തന്നെ വേശ്യവൃത്തിയ്ക്കായി ഇയാള്‍ ഉപയോഗിച്ചെന്നും ബാക്കോട്ട് പറഞ്ഞു.
എന്നാല്‍, പിന്നീട് 14 വയസ്സുള്ള തന്റെ മകള്‍ക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം തുടങ്ങിയതോടെയാണ് നിയന്ത്രണം വിട്ടതെന്നും ബാക്കോട്ട് കൂട്ടിച്ചേര്‍ത്തു.



