കോവിഡ് നിയന്ത്രണങ്ങള്‍ മൂലം തുറക്കാനാവാതെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍. ഭണ്ഡാരങ്ങളില്‍ പണം നിറഞ്ഞു കിടക്കുകയാണ്. എന്നാല്‍ കഴിഞ്ഞ നാല് മാസമായി ഭണ്ഡാരം തുറന്നിട്ടില്ല. മഴക്കാലം കൂടി വന്നതോടെ നോട്ടുകള്‍ പൂപ്പല്‍ പിടിച്ച്‌ കേടുവരുമോ എന്ന ആശങ്കയിലാണ് ദേവസ്വം.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആകെ 36 ഭണ്ഡാരങ്ങളാണ് ഉള്ളത്. എല്ലാ മാസവും ഭണ്ഡാരങ്ങള്‍ തുറന്നെണ്ണാറുണ്ട്. ഇതിനായി ദേശസാല്‍കൃത ബാങ്കുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 15നാണ് ഭണ്ഡാരം അവസാനമായി എണ്ണിയത്. അപ്പോള്‍ 3.48 കോടി രൂപയും 3.61 കിലോ സ്വര്‍ണവും 11 കിലോ വെള്ളിയുമാണ് ലഭിച്ചത്. പിന്നീട് മാര്‍ച്ച്‌ 15ന് ഉത്സവത്തിന് ശേഷം ഭണ്ഡാരം എണ്ണാനായിരുന്നു തീരുമാനം. എന്നാല്‍ മാര്‍ച്ച്‌ 14 മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വന്നു. 21മുതല്‍ ദര്‍ശനം നിര്‍ത്തലാക്കി.

ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിന്ന് ശരാശരി 45 കോടി രൂപയും 3 കിലോ സ്വര്‍ണവും 10 കിലോ വെള്ളിയും ലഭിക്കാറുണ്ട്. 50 മുതല്‍ 60 വരെ ആളുകള്‍ ചേര്‍ന്ന് 12 ദിവസമെടുത്താണ് ഭണ്ഡാരങ്ങളിലെ കാണിക്ക എണ്ണാറുള്ളത്. കഴിഞ്ഞ ദിവസം ക്ഷേത്രം രണ്ടാമതും തുറന്നപ്പോള്‍ ഭണ്ഡാരം എണ്ണാന്‍ 30 പേരെ അനുവദിക്കണമെന്ന് ദേവസ്വം കലക്ടറോട് അഭ്യര്‍ഥിച്ചിരുന്നു. 15 പേരെ അനുവദിക്കുകയും ചെയ്തു. എന്നാല്‍ കോവിഡ് വ്യാപനം വര്‍ധിച്ചതോടെ ക്ഷേത്രം വീണ്ടും കടുത്ത നിയന്ത്രണത്തിലായി.