ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ മുംബൈ ഇന്ത്യൻസിന് ആദ്യ ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 49 റൺസിനു പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യൻസ് ആദ്യ ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 5 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റിൽ നഷ്ടത്തിൽ 146 റൺസെടുക്കാനേ സാധിച്ചുള്ളൂ. 33 റൺസെടുത്ത പാറ്റ് കമ്മിൻസാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ.
അച്ചടക്കത്തോടെയാണ് മുംബൈ പന്തെറിഞ്ഞത്. ട്രെൻ്റ് ബോൾട്ടും ജെയിം പാറ്റിസണും ജസ്പ്രീത് ബുംറയും കൃത്യമായി പന്തെറിഞ്ഞതോടെ കൊൽക്കത്ത ഓപ്പണർമാരായ സുനിൽ നരേനും ശുഭ്മൻ ഗില്ലും വിയർത്തു. മൂന്നാം ഓവറിൽ ഗില്ലിനെ (7) പൊള്ളാർഡിൻ്റെ കൈകളിലെത്തിച്ച ബോൾട്ട് കൊൽക്കത്തയ്ക്ക് ആദ്യ പ്രഹരം ഏല്പിച്ചു. അഞ്ചാം ഓവറിൽ സുനിൽ നരേൻ (9) പാറ്റിൻസണിൻ്റെ പന്തിൽ ഡികോക്ക് പിടിച്ച് പുറത്തായി.
മൂന്നാം വിക്കറ്റിൽ ദിനേശ് കാർത്തിക്-നിതീഷ് റാണ സഖ്യം 46 റൺസ് കൂട്ടിച്ചേർത്തു. 30 റൺസെടുത്ത കാർത്തികിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ രാഹുൽ ചഹാർ ആണ് ഈ കൂട്ടുകെട്ട് തകർത്തത്. നിതീഷ് റാണ (24) പൊള്ളാർഡിൻ്റെ പന്തിൽ ഹർദ്ദിക് പാണ്ഡ്യയുടെ കൈകളിൽ അവസാനിച്ചു. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ആന്ദ്രേ റസലിനും ഓയിൻ മോർഗനും അനായാസം ബാറ്റ് വീശാനുള്ള അവസരം മുംബൈ നൽകിയതേയില്ല. ഇരുവരെയും ബുംറയാണ് പുറത്താക്കിയത്. റസൽ (11) ക്ലീൻ ബൗൾഡായപ്പോൾ മോർഗൻ (16) ഡികോക്കിൻ്റെ കൈകളിൽ അവസാനിച്ചു.