കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തില്‍ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി ഹൈദരാബാദില്‍ ഷൂട്ടിങ്ങ് ആരംഭിച്ചു. ഷൂട്ടിങ്ങ് ആരംഭിച്ചതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാക്കുകയാണ്. പൃഥ്വിരാജ് ക്യാമറക്ക് പിന്നില്‍ ഇരിക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബ്രോ ഡാഡിക്ക് പുറമെ മറ്റ് ആറ് മലയാള ചിത്രങ്ങള്‍ കൂടി തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലേക്ക് ചിത്രീകരണം മാറ്റിയെന്ന് ഇന്നലെ ഫെഫ്ക അറിയിച്ചിരുന്നു.

കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. ‘നിങ്ങളെ ചിരിപ്പിക്കാനും, വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന രസകരമായൊരു സിനിമ അനുഭവമായിരിക്കും ഈ ചിത്രം. സന്തോഷം തരുന്ന ഒരു സിനിമ കാണേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു’ എന്നാണ് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് പറഞ്ഞത്.