ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ഒക്ടോബറാകുന്നതോടെ ഒരു ദിവസം അരലക്ഷം പേര്‍ക്ക് വരെ  കൊറോണ യുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബ്രീട്ടീഷ് ആരോഗ്യവകുപ്പാണ് പ്രസ്താവന നടത്തിയത്. ഇടക്കാലത്ത് കൊറോണ കുറഞ്ഞ ബ്രിട്ടനില്‍ ജനങ്ങളുടെ ജാഗ്രതക്കുറവാണ് രോഗ വ്യാപനത്തിന് കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു. ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സാണ് വ്യാപന കാരണം വ്യക്തമാക്കിയത്.  ബ്രിട്ടനിലെ വിദ്യാലയങ്ങളും  ഇതിനിടെ തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.

ഞായറാഴ്ച മാത്രം 3899 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 18 മരണങ്ങളും രേഖപ്പെടുത്തി. രാജ്യത്ത് ലോകഡൗണ്‍ സാഹചര്യം ഇല്ലെന്ന് ആദ്യം പ്രസ്താവന നടത്തിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പക്ഷേ നിലപാട് മാറ്റുകയാണ്. എല്ലാ ഏഴാം ദിവസവും രോഗവ്യാപനം ഇരട്ടിയാകുമെന്ന കണക്കുകൂട്ടലാണ് ആരോഗ്യവകുപ്പ് നടത്തിയിരിക്കുന്നത്. പുതിയ കണക്ക് പ്രകാരം അരലക്ഷം പേര്‍ ദിനംപ്രതി രോഗബാധിതരാകുമെന്നാണ് സൂചന. ഒരു ദിവസം 200 പേര്‍ വരെ മരിക്കുമെന്നുമാണ് ബ്രിട്ടന്‍ ആശങ്കപ്പെടുന്നത്. ഇതുവരെ 3,94,257 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ആകെ മരണം ഇതുവരെ 41,777 ആണ്.