ബെംഗളൂരു: ബെംഗളൂരുവിൽ കാമ്പസ് സ്ഥാപിക്കാൻ ലിവർപൂൾ സർവകലാശാലയ്ക്ക് എല്ലാ അനുമതിയുമായി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അംഗീകാരപത്രം ലഭിച്ചതോടെയാണ് നഗരത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചിരിക്കുന്നത്. അന്തർദ്ദേശീയ തലത്തിൽ ബെംഗളൂരുവിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ അംഗീകാരം നേടിക്കൊടുക്കാൻ ലിവർപൂൾ സർവകലാശാലാ കാമ്പസിന്റെ സന്നിധ്യത്തിന് സാധിക്കും.
വലിയൊരു മാറ്റമാണ് ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതിലൂടെ വരുന്നത്. 1881ൽ സ്ഥാപിച്ച, ഉന്നതമായ പാരമ്പര്യമുള്ള ഈ സർവ്വകലാശാലയിൽ പഠിക്കാൻ ഇനി ബെംഗളൂരു വരെ പോയാൽ മതി. അക്കാദമിക ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത വിവിധ കോഴ്സുകൾ ഇന്ത്യയിൽ ഈ സർവകലാശാല ഓഫർ ചെയ്യുന്നുണ്ട്.
ഈ വർഷം ഓഗസ്റ്റിൽ തന്നെ സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് വിവരം. ‘ഇന്ത്യ-യുകെ വിഷൻ 2035 ‘ -ന്റെ ഭാഗമായാണ് ഈ കാമ്പസ് രാജ്യത്ത് സ്ഥാപിക്കപ്പെട്ടത്. 2025 ജൂലൈ 24 ന് ലണ്ടനിൽ വെച്ചാണ് ഇന്ത്യയുടെയും യുകെയുടെയും പ്രധാനമന്ത്രിമാർ ഇന്ത്യ-യുകെ വിഷൻ 2035ന് അംഗീകാരം നൽകിയത്. വരുംതലമുറ പ്രതിഭകളെ വളർത്തിയെടുക്കാൻ ഇരു രാജ്യങ്ങളും ധാരണയിലേർപ്പെട്ടു. ഇന്ത്യൻ സർവകലാശാലകൾ യുകെയിലും യുകെ സർവകലാശാലകൾ ഇന്ത്യയിലും കാമ്പസുകൾ സ്ഥാപിക്കാൻ ഇതിലൂടെ പദ്ധതിയിട്ടു. ഉന്നത വിദ്യാഭ്യാസത്തിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിച്ച് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടറിയും യുജിസിയുടെ ചെയർമാനുമായ ഡോ. വിനീത് ജോഷിയാണ് ഔദ്യോഗിക അംഗീകാരപത്രം നൽകിയത്. ബെംഗളൂരുവിലെ ലിവർപൂൾ സർവകലാശാലയുടെ ഉന്നത ഉദ്യോഗസ്ഥനായ പ്രൊഫസർ റിച്ചാർഡ് ഗ്രോസ് ഈ അംഗീകാരപത്രം സ്വീകരിച്ചു.
ഉന്നത വിദ്യാഭ്യാസം, ഗവേഷണം , നവീകരണം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ ഇന്ത്യയും യുകെയും തമ്മിൽ ആഴത്തിലുള്ള പങ്കാളിത്തം വളർത്താൻ തയ്യാറെടുക്കുകയാണ്. ഇന്ത്യയിൽ ലോകോത്തര വിദ്യാഭ്യാസ പരിപാടികൾ കടന്നു വരികയും, അതുവഴി ആഗോള വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) രൂപപ്പെടുത്തിയത്. നിരവധി വിമർശനങ്ങളുണ്ടെങ്കിലും വിദ്യാഭ്യാസത്തിന്റെ നിരവധി സാമ്പത്തിക സാധ്യതകളെ ഈ നയത്തിലൂടെ ഉപയോഗപ്പെടുത്താൻ കഴിയും. ഇതിനു മുമ്പ് സതാംപ്ടൺ സർവകലാശാലയാണ് യുജിസിയുടെ അംഗീകാരം നേടി ഇന്ത്യയിൽ ഒരു അന്താരാഷ്ട്ര ബ്രാഞ്ച് സ്ഥാപിച്ചിട്ടുള്ളത്. ഇതേ അംഗീകാരം നേടുന്ന രണ്ടാമത്തെ യുകെ സർവകലാശാലയാണ് ലിവർപൂൾ സർവകലാശാല.
ബ്രിട്ടീഷ് കൗൺസിലിൽ നടന്ന ചടങ്ങിൽ യുകെ വിദേശകാര്യ, കോമൺവെൽത്ത് സെക്രട്ടറി യെവെറ്റ് കൂപ്പർ തന്റെ ആഹ്ലാദം അറിയിച്ചത്, ഭാവിയിൽ യുവാക്കൾക്ക് കൂടുതൽ സാധ്യതകൾ തുറന്നു നൽകാൻ തങ്ങൾക്ക് സാധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ്. യുകെ-ഇന്ത്യ പങ്കാളിത്തത്തിന് എന്ത് നേടാൻ കഴിയുമെന്നതിന്റെ ശക്തമായ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ലിവർപൂൾ സർവകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫസർ ടിം ജോൺസും ഈ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ലോകോത്തരമായ വ്യവസായ ബന്ധിത വിദ്യാഭ്യാസം നൽകാനാണ് ഈ കാമ്പസിലൂടെ തങ്ങൾ ശ്രമിക്കുകയെന്ന് അദ്ദഹം വ്യക്തമാക്കി.
സ്മാർട്ട് ക്ലാസ് മുറികളും സ്പെഷ്യലിസ്റ്റ് ലബോറട്ടറികളും ഉള്ള ഒരു കാമ്പസാണ് ലിവർപൂൾ സർവകലാശാല സജ്ജമാക്കിയിരിക്കുന്നതെന്ന് ടിം ജോൺസ് പറയുന്നു. ഇന്ത്യയിൽ ശക്തമായ ഒരു ഗവേഷണ സംസ്കാരം വളർത്തിയെടുക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിക്കും. കൂടുതൽ അന്താരാഷ്ട്രവൽക്കരിച്ച ഉന്നത വിദ്യാഭ്യാസ മേഖലയെ സൃഷ്ടിക്കും. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെയും സാങ്കേതിക മേഖലകളുടെയും ആവശ്യങ്ങൾ നിറവേറ്റുകയാണ് ലക്ഷ്യം. ഇന്ത്യയിൽ പ്രതിഭാ വളർച്ചയ്ക്ക് സംഭാവന നൽകും.



