പൊതുമേഖലാ എണ്ണവിതരണ കമ്ബനിയായ ബി.പി.സി.എല്ലിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ വിദേശ കമ്ബനികളും വന്നേക്കും. ശതകോടീശ്വരന്‍ അനില്‍ അഗര്‍വാളിന്റെ വേദാന്ത, അമേരിക്കന്‍ നിക്ഷേപ ഫണ്ടുകളായ അപ്പോളോ ഗ്ളോബല്‍ മാനേജ്‌മെന്റ്, ഐ സ്‌ക്വയേഡ് കാപ്പിറ്റല്‍ എന്നിവയാണ് നിലവില്‍ ബി.പി.സി.എല്‍ ഓഹരി വാങ്ങാനുള്ള താത്പര്യപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
ഓഹരി വാങ്ങാന്‍ ഇനിയും താത്പര്യമുള്ളവര്‍ക്ക്, ഈ കമ്ബനികളുമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യം സ്ഥാപിക്കാം. നേരിട്ട് താത്പര്യപത്രം സമര്‍പ്പിക്കാനാവില്ല. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്, ആഗോള എണ്ണക്കമ്ബനികളായ ബി.പി (ബ്രിട്ടീഷ് പെട്രോളിയം), റോയല്‍ ഡച്ച് ഷെല്‍, എക്‌സോണ്‍, സൗദി ആരാംകോ, റഷ്യയുടെ റോസ്‌നെഫ്‌റ്റ്, ശതകോടീശ്വരന്‍ ലക്ഷ്‌മി മിത്തല്‍ എന്നിവര്‍ ബി.പി.സി.എല്ലിനായി രംഗത്തുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും താത്പര്യപത്രം സമര്‍പ്പിച്ചിരുന്നില്ല.
ഇതിനകം താത്പര്യപത്രം സമര്‍പ്പിച്ച കമ്ബനികളുമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യം സ്ഥാപിച്ച് ഇവര്‍ക്കും ബി.പി.സി.എല്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ കഴിയും. ബി.പി.സി.എല്‍ ഓഹരി വില്പനയ്ക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനായി പൊതുമേഖലാ പെട്രോളിയം റിഫൈനിംഗ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി (എഫ്.ഡി.ഐ) നിലവിലെ 49 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്തണമെന്ന വാണിജ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ കേന്ദ്ര കാബിനറ്റ് അംഗീകരിച്ചിരുന്നു.
₹1.75 ലക്ഷം കോടി
നടപ്പുവര്‍ഷം (2021-22) പൊതുമേഖലാ ഓഹരി വില്പനയിലൂടെ 1.75 ലക്ഷം കോടി രൂപയാണ് കേന്ദ്രം ഉന്നമിടുന്നത്. ഇതിന്റെ ഭാഗമാണ് ബി.പി.സി.എല്‍ വില്പന.
₹1.02 ലക്ഷം കോടി
നിലവില്‍ 1.02 ലക്ഷം കോടി രൂപയാണ് (ഓഹരിവില 466 രൂപ പ്രകാരം) ബി.പി.സി.എല്ലിന്റെ മൂല്യം. ബി.പി.സി.എല്ലില്‍ സര്‍ക്കാരിനുള്ള 52.98 ശതമാനം ഓഹരികളാണ് വിറ്റൊഴിയുന്നത്. ഇപ്പോള്‍ വില്പന നടന്നാല്‍ സര്‍ക്കാരിന് 53,000 കോടി രൂപ ലഭിക്കും.
₹25,000 കോടി
സര്‍ക്കാര്‍ ഓഹരികള്‍ ഏറ്റെടുക്കുന്ന നിക്ഷേപകര്‍ ഓപ്പണ്‍ ഓഫറിലൂടെ പൊതു നിക്ഷേപകരില്‍ നിന്ന് 26 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിന് 25,000 കോടി രൂപയ്ക്കുമേല്‍ വരും.
4 റിഫൈനറികള്‍
മുംബയ്, കൊച്ചി, ബിന (മദ്ധ്യപ്രദേശ്), നുമാലിഗഢ് (അസാം) എന്നിവിടങ്ങളിലായി നാല് റിഫൈനറികളാണ് ബി.പി.സി.എല്ലിനുള്ളത്. ഇതില്‍ നുമാലിഗഢ് ഒഴികെയുള്ളവയാണ് വിറ്രൊഴിയുന്നത്. കഴിഞ്ഞവര്‍ഷത്തെ കണക്കുപ്രകാരം 38.3 മില്യണ്‍ ടണ്ണാണ് ബി.പി.സി.എല്‍ റിഫൈനറികളുടെ മൊത്തം ശേഷി. 18,768 പെട്രോള്‍ പമ്ബുകളുണ്ട്. എല്‍.പി.ജി ബോട്ടിലിംഗ് പ്ളാന്റുകള്‍ 51. എല്‍.പി.ജി ഡിസ്‌ട്രിബ്യൂട്ടര്‍ എജന്‍സികള്‍ 6,169.
15.33%
ബി.പി.സി.എല്ലിനെ സ്വന്തമാക്കുന്ന കമ്ബനിക്ക് ഇന്ത്യയുടെ ഇന്ത്യയുടെ എണ്ണ റിഫൈനിംഗ് രംഗത്ത് 15.33 ശതമാനവും എണ്ണ വിതരണ രംഗത്ത് 22 ശതമാനവും പങ്കാളിത്തമാണ് ലഭിക്കുക.



