സംസ്ഥാനത്ത് കോണ്‍ഗ്രസ് ബി ജെ പി ഒത്തുകളിയെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ ബി ജെ പി കോണ്‍ഗ്രസ് ബന്ധം പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയാണ്. എന്‍ ഡി എ സ്ഥാനാര്‍ത്ഥികളില്ലാത്ത ഗുരുവായൂരിലും തലശേരിയിലും യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാണ് ബി ജെ പി നീക്കം. പരസ്യമായാണ് സുരേഷ് ഗോപി രഹസ്യം വിളിച്ചു പറഞ്ഞത്. സുരേഷ് ഗോപിയുടെ രീതി വച്ച് അദ്ദേഹത്തിന് ജാഗ്രത പാലിക്കാനായില്ല. ഉളള കാര്യം അദ്ദേഹം തുറന്നുപറയുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞതവണ നേമത്ത് ബി ജെ പിക്ക് ജയിക്കാന്‍ സാധിച്ചു. തൊട്ടടുത്തുളള മണ്ഡലത്തില്‍ ഇതിനുളള സഹായം കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. യു ഡി എഫിനെ സഹായിക്കുക വഴി ആത്യന്തികമായി ബി ജെ പിയ്ക്കാണ് ഗുണം കിട്ടുന്നത്. ലീഗിന് സ്വാധീനമുളള മണ്ഡലങ്ങളില്‍ ബി ജെ പി കച്ചവടം ഉറപ്പിച്ച് കഴിഞ്ഞു. ബി ജെ പിയെ പല മണ്ഡലങ്ങളിലും വിജയിപ്പിക്കാനുളള കരാര്‍ ലീഗും കോണ്‍ഗ്രസും ഏറ്റെടുത്തിട്ടുണ്ട്. പല മണ്ഡലങ്ങളിലും പരസ്പരം പ്രത്യുപകാരമുണ്ടാകുമെന്നും പിണറായി ആരോപിച്ചു.
പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണിത്. യു ഡി എഫും ബി ജെ പിയും പരസ്പര ധാരണയിലാണ് ഇതുവരെ കാര്യങ്ങള്‍ നീക്കിയത്. കേരളത്തില്‍ ഇത്തരമൊരു ധാരണ വേണമെന്നും ഒരു രീതിയിലുമുളള അസ്വാരസ്യം തമ്മില്‍ ഉണ്ടാകരുതെന്നും നേരത്തെ തന്നെ രണ്ട് നേതൃത്വങ്ങളും തീരുമാനിച്ചിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ യോജിച്ച് പ്രക്ഷോഭം നടത്താനുളള സര്‍ക്കാര്‍ നിര്‍ദേശം കോണ്‍ഗ്രസും യു ഡി എഫും തളളിയത് ഇതുകൊണ്ടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനമെന്ന നിലയില്‍ കേരളത്തെ സഹായിക്കാന്‍ പല കാര്യങ്ങളിലും കേന്ദ്രം ശരിയായ നിലപാടല്ല സ്വീകരിച്ചത്. പ്രളയ കാലത്ത് കേന്ദ്ര സഹായം ഉണ്ടാകാതെ ഇരുന്നുപ്പോള്‍ കമാ എന്ന് ഒരക്ഷരം കോണ്‍ഗ്രസോ ലീഗോ മിണ്ടിയില്ല. നമ്മുടെ നാടിനെ സഹായിക്കാന്‍ പല രാഷ്ട്രങ്ങളും സന്നദ്ധമായി. ആ സന്ദര്‍ഭത്തിലും കേന്ദ്രസര്‍ക്കാര്‍ പുറം തിരിഞ്ഞ് നിന്നു. എന്തെങ്കിലും അതിനെതിരെ സംസാരിക്കുന്ന ഏതെങ്കിലും പ്രതിപക്ഷ നേതാവിനെ കാണാന്‍ സാധിച്ചില്ലെന്നും പിണറായി വിമര്‍ശിച്ചു.



