പാറ്റ്ന: ലാലു പ്രസാദ് യാദവിന്റെ അടുപ്പക്കാരനായ നേതാവ് ആര്‍ജെഡി വിട്ടു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു രഘുവംശ് പ്രസാദ് സിംഗ് പാര്‍ട്ടി വിടുന്നത്. ഇദ്ദേഹം നിതീഷ് കുമാറിന്റെ ജനതാദളില്‍ ചേരുമെന്നാണു സൂചന.
1997 മുതല്‍ ആര്‍ജെഡിയിലെ സജീവ അംഗമാണ് രഘുവംശ് പ്രസാദ്. ജനതാദളില്‍ ലാലുവിനൊപ്പവും പ്രവര്‍ത്തിച്ചിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു നിലവില്‍ അദ്ദേഹം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഐസിയുവിലാണ്.
കര്‍പൂരി താക്കൂറിന്റെ മരണത്തിനുശേഷം 32 വര്‍ഷം താന്‍ ഒപ്പം നിന്നെന്നും ഇനിയതുണ്ടാവില്ലെന്നും സ്വന്തം കൈപ്പടയില്‍ ലാലുവിനെഴുതിയ കത്തില്‍ 74-കാരനായ രഘുവംശ് പ്രസാദ് പറയുന്നു. കുറേക്കാലമായി രഘുവംശ് പ്രസാദ് പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു. അടുത്തിടെ ആര്‍ജെഡി അംഗത്വം നല്‍കിയവരെ വിമര്‍ശിച്ച് ജൂണില്‍ രഘുവംശ് പ്രസാദ് പാര്‍ട്ടി നേതൃത്വത്തിനു കത്തു നല്‍കിയിരുന്നു.
അഴിമതിക്കേസില്‍ ലാലു പ്രസാദ് ജയിലായതിനുശേഷം ലാലുവിന്റെ മകന് തേജസ്വി യാദവാണു പാര്‍ട്ടിയെ നയിക്കുന്നത്. ഈ നേതൃത്വത്തോടും അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.



