ഡല്‍ഹി: ബിഹാറില്‍ മഹാസഖ്യത്തില്‍ വീണ്ടും കല്ലുകടി. സീറ്റു വിഭജനം ഉടന്‍ തീരുമാനിച്ചില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് ആര്‍ജെഡിക്ക് മുന്നറിയിപ്പ് നല്കി. ബിഹാറില്‍ നിതീഷ് കുമാറിന് ഭരണ തുടര്‍ച്ച എന്ന സര്‍വ്വെ പ്രവചനത്തിന് തൊട്ടു പിന്നാലെയാണ് മഹാസഖ്യത്തില്‍ വീണ്ടും വിള്ളലുണ്ടായത്. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് എതിരെ ഇന്നലെ എഐസിസി ജനറല്‍ സെക്രട്ടറി ശക്തിസിംഗ് ഗോഹില്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സീറ്റു വിഭജനത്തിലെയും കല്ലുകടി.

ആകെയുള്ള 243 സീറ്റില്‍ 75 സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ മഹാസഖ്യത്തിന്‍റെ ഭാഗമായി നിന്ന കോണ്‍ഗ്രസിന് നല്കിയത് 42 സീറ്റായിരുന്നു. അതില്‍ 27 ഇടത്ത് വിജയിക്കാന്‍ കോണ്‍ഗ്രസിനായി. ഈ കണക്കു പറഞ്ഞാണ് 75 സീറ്റ് ആവശ്യപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് അമ്പത് സീറ്റിലധികം നല്കാനാവില്ലെന്നാണ് ആര്‍ജെഡി നിലപാട്. ഈയാഴ്ച തീരുമാനം വന്നില്ലെങ്കില്‍ സ്വന്തം കാര്യം നോക്കുമെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ്.