കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടെയില്‍ ബാഴ്‌സലോണ 13 കിരീടങ്ങള്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ലൂയി സുവാരസ് ക്യാമ്ബ് നൗവില്‍ നിന്നും പുറത്തേക്കുള്ള വഴിയില്‍. ഒട്ടും സന്തോഷകരമായ ഒരു പുറത്തേക്ക് പോക്കല്ല അദ്ദേഹത്തെ കാത്തിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. ഒന്നാമത് ക്യാപ്റ്റന്‍ ലയണല്‍ മെസി. ചാമ്ബ്യന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ 8-2-ന്റെ ദയനീയ തോല്‍വി ബാഴ്‌സ വഴങ്ങിയതിന് പിന്നാലെ ക്ലബ് പ്രസിഡന്റ് ജോസെപ് മരിയ ബര്‍ത്തോമ്യു വില്‍ക്കാന്‍ താല്‍പര്യമില്ലാത്ത താരങ്ങളുടെ പട്ടിക പുറത്ത് വിട്ടിരുന്നു. ഇതില്‍, സുവാരസിന്റെ പേരില്ലാത്തതാണ് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തെളിഞ്ഞുവെന്നതിനുള്ള ആദ്യ തെളിവായത്. പിന്നാലെ, അടുത്ത സീസണിലേക്കുള്ള തന്റെ പദ്ധതികളില്‍ സുവാരസ് ഇല്ലെന്ന് പുതിയ പരിശീലകനായ റോണാല്‍ കോമാന്‍ പറഞ്ഞുവെന്ന് കറ്റാലന്‍ റേഡിയോ സ്‌റ്റേഷനായ റാക്1 തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചൊവ്വാഴ്ച സുവാരസിന് വിട എന്ന തലക്കെട്ടുമായി സ്‌പോര്‍ട്‌സ് പത്രങ്ങളും ഇറങ്ങി. മൂന്ന് ദേശീയ സ്‌പോര്‍ട്‌സ് ദിന പത്രങ്ങളാണ് 33 വയസ്സുള്ള സുവാരസിന് വിട ചൊല്ലിയത്.

കോമാന് അവരെ ആവശ്യമില്ല, മുണ്ടോ ഡീപോര്‍ട്ടിവോ എഴുതി. സുവാരസ്, മിഡ ഫീല്‍ഡര്‍മാരായ ഐവാന്‍ റാകിറ്റിക്, അര്‍ത്തൂറോ വിഡല്‍, പ്രതിരോധ നിരക്കാരന്‍ സാമുവേല്‍ ഉംറ്റിറ്റി എന്നിവരുടെ ചിത്രങ്ങള്‍ നല്‍കിയാണ് മുണ്ടോ ഡീപോര്‍ട്ടിവോ വാര്‍ത്ത നല്‍കിയത്. ബാഴ്‌സയില്‍ ശുചീകരണം എന്ന് തലക്കെട്ടില്‍ സുവാരസ് ഒരു വാതിലിലൂടെ പുറത്തേക്ക് പോകുന്ന പടവുമായിട്ടാണ് മാര്‍ക ഇറങ്ങിയത്.

അതേസമയം, ബാഴ്‌സലോണയുടെയോ സുവാരസിന്റേയോ പ്രതിനിധികള്‍ പ്രതികരിച്ചില്ല. എല്‍പാരിസന് ഞായറാഴ്ച നല്‍കിയ അഭിമുഖത്തില്‍ തന്റെ അതൃപ്തി അദ്ദേഹം തുറന്ന് പറഞ്ഞു.

മെസ്സി വരികയാണെങ്കില്‍ പിഎസ്‌ജി അദ്ദേഹത്തെ സ്വാഗതം ചെയ്യും: തോമസ് തുഷല്‍

പ്രസിഡന്റ് നല്‍കിയ പേരുകളെ കുറിച്ച്‌ ആളുകള്‍ സംസാരിക്കുന്നു. പക്ഷേ, എന്നെ ഒഴിവാക്കുന്നുവെന്ന് ആരും എന്നോട് പറഞ്ഞില്ല, അദ്ദേഹം പറഞ്ഞു.

ബാഴ്‌സയില്‍ ആറ് വര്‍ഷങ്ങള്‍ ചെലവഴിച്ചു. എന്താണ് അവര്‍ ചിന്തിക്കുന്നതെന്ന് എന്നോട് പറയാന്‍ അവര്‍ക്ക് ആവശ്യത്തിന് സമയമായി, സുവാരസ് പറഞ്ഞു.

സുവാരസ് ബാഴ്‌സയ്ക്കുവേണ്ടി 283 മത്സരങ്ങളില്‍ നിന്ന് 198 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ക്ലബിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ളവരുടെ പട്ടികയില്‍ അദ്ദേഹം ലസ്ലോ കുബാലയെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. പരേതനായ സീസറിനും മെസിക്കും പിന്നിലാണ് അദ്ദേഹം.