കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണം നിലനില്‍ക്കുന്ന പാലക്കാട് പൂന്തോട്ടം ആശുപത്രിയിലെത്തി സിബിഐ. ആശുപത്രി ഉടമകളായ ഡോ. രവീന്ദ്രനാഥ്, ഭാര്യ ലത, ഇവരുടെ മകന്‍ ജിഷ്ണു എന്നിവരെ ചോദ്യം ചെയ്യുന്നതിനും രേഖകള്‍ പരിശോധിക്കുന്നതിനുമാണ് സിബിഐ ഡിവൈഎസ്പി അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തിയിരിക്കുന്നത്. അപകടം നടക്കുമ്ബോള്‍ വാഹനം ഓടിച്ച അര്‍ജുന്റെ മാതൃസഹോദരിയാണ് പൂന്തോട്ടം ലത. ഇവര്‍ ബാലഭാസ്കര്‍ മരിച്ച ദിവസം ആശുപത്രിയില്‍ ഉണ്ടായിരുന്നെന്നും മരണം അറിഞ്ഞതിനു പിന്നാലെ സ്ഥലം വിട്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ബാലഭാസ്കറിന്റെ മരണത്തിനു പിന്നാലെ ആശുപത്രി ഉടമയുമായി ബാലഭാസ്കറിന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്ന വിവരം പുറത്തു വന്നിരുന്നു. ആശുപത്രി സാമ്ബത്തിക പ്രതിസന്ധിയിലായപ്പോള്‍ സഹായിച്ചിട്ടുണ്ടെന്നും എന്നാല്‍ പണം തിരികെ നല്‍കിയിരുന്നെന്നുമാണ് ഡോക്ടര്‍ രവീന്ദ്രന്‍ പറഞ്ഞിട്ടുള്ളത്. 15 വര്‍ഷമായി ബാലഭാസ്കറിന് ആശുപത്രിയുമായി ബന്ധമുണ്ടായിരുന്നു. കുടുംബാംഗത്തെ പോലയാണ് കഴിഞ്ഞിരുന്നത്. ബാലുവുമായി ബന്ധം പുലര്‍ത്തിയിരുന്നത് അദ്ദേഹത്തിന്റെ മാതാപിതാക്കളെ അലോരസപ്പെടുത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പൂന്തോട്ടം ആശുപത്രിക്ക് നല്‍കിയ പണം തിരികെ ലഭിച്ചിരുന്നതായി ലക്ഷ്മിയും മൊഴി നല്‍കിയിരുന്നു.