ലയണല്‍ മെസി ബാഴ്സലോണയില്‍ തുടരും. ഗോളിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ബാഴ്സ പ്രസിഡന്‍്റ് ഒരു ദുരന്തമാണെന്നും മെസി പറഞ്ഞു.

“ഞാനിവിടെ സന്തോഷവാനായിരുന്നില്ല. എനിക്ക് ഇവിടെ നിന്ന് പോകണമായിരുന്നു. ഭാര്യയോടും മക്കളോടും ഞാന്‍ ക്ലബ് വിടുകയാണെന്ന് പറഞ്ഞപ്പോള്‍ അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. എന്‍്റെ കുടുംബം മുഴുവന്‍ കരയാന്‍ തുടങ്ങി. മക്കള്‍ ബാഴ്സലോണ വിടാനോ സ്കൂള്‍ മാറാനോ തയ്യാറായിരുന്നില്ല. പക്ഷേ, എനിക്ക് ക്ലബ് വിടണമെന്ന് തന്നെയായിരുന്നു. പക്ഷേ, ക്ലബുമായി ഒരു നിയമയുദ്ധത്തിന് എനിക്ക് താത്പര്യമില്ല. ക്ലബ് മാനേജ്മെന്‍്റും പ്രസിഡന്‍്റ് ബാര്‍തോമ്യുവും ഒരു ദുരന്തമാണ്. എനിക്ക് ഫ്രീ ഏജന്‍്റായി ക്ലബ് വിടാമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ക്ലബ് വിടണമെങ്കില്‍ 700 മില്ല്യണ്‍ യൂറോ നല്‍കണമെന്നാണ് മാനേജ്മെന്‍്റ് പറയുന്നത്. സീസണ്‍ അവസാനം വരെ നിന്നിട്ട് പോകാന്‍ പ്രസിഡന്‍്റ് പറയുന്നു. ഞാന്‍ ജൂണ്‍ 10നു മുന്‍പ് ഇക്കാര്യം പറഞ്ഞില്ലെന്നാണ് മാനേജ്മെന്‍്റിന്‍്റെ വാദം. പക്ഷേ, കൊവിഡ് പശ്ചാത്തലത്തില്‍ ജൂണ്‍ 10ന് ഞങ്ങള്‍ ലാ ലിഗ കളിക്കുകയായിരുന്നു”- മെസി പറഞ്ഞു.

ക്ലബുമായുള്ള കരാര്‍ താന്‍ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്‍്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചിരുന്നു. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാര്‍. എന്നാല്‍, സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയായിരുന്നു.

എന്നാല്‍, ജൂണില്‍ ഈ വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞു എന്ന് ക്ലബ് പറയുന്നു. അതുകൊണ്ട് തന്നെ താരത്തിനു ഫ്രീ ഏജന്‍്റായി ക്ലബ് വിടാന്‍ കഴിയില്ല എന്നും ബാഴ്സലോണ അറിയിച്ചു. ഇതിനു പിന്നാലെ മെസിയെ ലഭിക്കണമെങ്കില്‍ ക്ലബുകള്‍ 700 മില്ല്യണ്‍ യൂറോ റിലീസ് ക്ലോസ് നല്‍കണമെന്ന് ലാലിഗ ഗവേണിംഗ് ബോഡി അറിയിക്കുകയും ചെയ്തു. എന്നാല്‍, കൊവിഡ് ഇടവേള വന്നതുകൊണ്ട് ഈ വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുമെന്നാണ് മെസിയുടെ അഭിഭാഷകന്‍ പറയുന്നത്. ഇതിനു പിന്നാലെയാണ് താന്‍ ക്ലബില്‍ തുടരുന്നതായി മെസി അറിയിച്ചത്.