എറണാകുളം: പെരുമ്പാവൂരില്‍ ബാങ്കിന്റെ ഗ്ലാസ് ഡോര്‍ തകര്‍ന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ചേരാനല്ലൂര്‍ സ്വദേശിയായ 34കാരി ബീന നോബിയാണ് മരണപ്പെട്ടത്. പെരുമ്പാവൂര്‍ കൂവപ്പടി സ്വദേശിയായ ബീനയും ഭര്‍ത്താവ് നോബിയും അഖില ഇലക്‌ട്രോണിക്സ് എന്ന പേരില്‍ ഒരു സ്വകാര്യ സ്ഥാപനം നടത്തുകയാണ്. സ്ഥാപന സംബന്ധമായ പണമിടപാടുകള്‍ക്കായി ഉച്ചക്ക് 12.30ഓടെയാണ് ബീന ബാങ്കിലെത്തിയത്. ബാങ്കില്‍ കയറിയതിനു ശേഷം പുറത്ത് പാര്‍ക്ക് ചെയ്ത തന്‍്റെ വാഹനത്തിന്‍്റെ താക്കോല്‍ എടുക്കാന്‍ പുറത്തേക്കോടിയ യുവതി ഗ്ലാസ് ഡോറില്‍ ഇടിച്ച്‌ നിലത്തു വീണു. നിലത്ത് വീണയുടന്‍ യുവതി എഴുന്നേറ്റുവെങ്കിലും വയറ്റില്‍ ചില്ല് കഷണം ആഴത്തില്‍ തറച്ചു കയറിയിരുന്നു. തുടര്‍ന്ന് ബാങ്കില്‍ ഉണ്ടായിരുന്നവര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷപ്പെടുത്താനായില്ല. യുവതിയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മാത്രമേ മൃതദേഹം വിട്ട് നല്‍കൂ.