മനാമ: എല്ലാവര്ക്കും വാക്സിന് എന്ന ബഹ്റൈന്‍ സര്‍ക്കാറിന്റെ ലക്ഷ്യം പൂര്‍ത്തികരിക്കുന്നതിനും ഇന്ത്യന്‍ പ്രവാസികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി വാക്സിനേഷന് ക്യാംപയിനുമായി ഇന്ത്യന്‍ എംബസി.
ഇന്ത്യന്‍ ക്ലബ്ബ്, ബഹ്റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്), വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് എംബസി ക്യാംപയിന് സംഘടിപ്പിക്കുന്നത്.
ബഹ്റൈനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയിലാണ് വാക്സിനേഷന് ഊര്‍ജിതമാക്കാന്‍ പ്രത്യേക ക്യാംപയിനുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തിയത്. എംബസി തയാറാക്കിയ ഗൂഗിള്‍ ഫോമിലൂടെ വാക്സിനായി പ്രവാസികള്‍ക്ക് വിവരം നല്‍കാം.
വിസ കാലാവധി കഴിഞ്ഞവര്‍, ഐഡി കാര്‍ഡില്ലാത്തവര്‍, പാസ്പോര്‍ട്ട് നഷ്ടമാവുക തുടങ്ങി വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത ഇന്ത്യന്‍ പ്രവാസികള്‍, കൂടാതെ വിസ കാലാവധി കഴിഞ്ഞിട്ടും യാത്രാ വിലക്ക് കാരണം നാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാത്തവര്‍, അനധികൃതമായി താമസിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്സിന് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ എംബസിയുടെ ക്യാംപയിന്.



