തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്ക് എതിരെ അപ്പീല്‍ നല്കുമെന്നു സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച തന്നെ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. അപ്പീല്‍ നല്കാന് അഭിഭാഷകരോട് ആവശ്യപ്പെട്ടതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോടതി ഉത്തരവ് ഇതുവരെ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ഇത് ലഭിക്കുന്നതുവരെ സര്‍ക്കാരിന് സാവകാശമുണ്ട്. എന്നാല്‍ ബുധനാഴ്ച രാവിലെ തന്നെ കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസിയും നഷ്ടം സഹിച്ചാണു സര്‍വീസ് നടത്തുന്നതെന്നും ഇതു പോലെ നഷ്ടത്തിന്റെ ഒരു ഭാഗം സ്വകാര്യ ബസ് ഉടമകളും വഹിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ലോക്ഡൗണ്‍ കാലത്ത് താത്കാലികമായി വര്‍ധിപ്പിച്ചിരുന്ന ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സ്വകാര്യ ബസ് ഉട മകളുടെ ഹര്‍ജിയിലായിരുന്നു കോടതി നടപടി. സ്വകാര്യ ബസുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാമെന്നും കോടതി ഉത്തരവിട്ടു. കോ വിഡ് കാലത്തെ കനത്ത സാമ്ബത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.