ബീജിംഗ് : ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ ചൈനയില്‍ റെസ്റ്റോറന്റ് തകര്‍ന്നു വീണ് 29 പേര് മരിച്ചു. വടക്കന്‍ ചൈനീസ് ഗ്രാമത്തിലെ രണ്ട് നിലകളുള്ള റെസ്റ്റോറന്റാണ് പ്രദേശവാസിയുടെ 80-ാം ജന്മദിനാഘോഷ വേളയില്‍ തകര്‍ന്നു വീണത്. ശനിയാഴ്ചയാണ് റെസ്റ്റോറന്റ് തകര്‍ന്നു വീണത്. 28 പേര്‍ക്ക് പരിക്കേറ്റതായും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അടിയന്തര മാനേജ്മെന്റ് മന്ത്രാലയം അറിയിച്ചു.
റെസ്റ്റോറന്റ് തകര്‍ന്ന് വീണ ഉടനെ രക്ഷാപ്രവര്‍ത്തകര്‍ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തകര്‍ച്ചയ്ക്ക് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ജന്മദിനം ആഘോഷിച്ചവരുടെയും അത്ഥികളുടെയും വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സ്നിഫര്‍ ഡോഗുകള്‍, ക്രെയിനുകള്‍, ഹൈടെക് സെന്‍സറുകള്‍ എന്നിവ ഉപയോഗിച്ച് നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരാണ് സംഭവ സ്ഥലത്ത് എത്തിയത്. കോണ്‍ക്രീറ്റിന്റെ സ്ലാബുകള്‍ നീക്കിയാണ് പലരെയും രക്ഷിച്ചത്. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു.
ശനിയാഴ്ച രാവിലെ 9:40 നാണ് കെട്ടിടം തകര്‍ന്നതെന്ന് ഔദ്യോഗിക ചൈന ഡെയ്ലി പത്രം പറയുന്നു. കാബിനറ്റിന്റെ വര്‍ക്ക് സേഫ്റ്റി കമ്മീഷന് അപകടകാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്നും അതില്‍ പറയുന്നു.
വ്യാവസായിക സുരക്ഷയില്‍ ചൈന വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, കെട്ടിട മാനദണ്ഡങ്ങള്‍ ചിലപ്പോള്‍ അവഗണിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളായ ഷാങ്സി പ്രവിശ്യയിലെ സിയാങ്ഫെന് കൗണ്ടിയില്‍. ബീജിംഗിന് തെക്ക് പടിഞ്ഞാറ് 630 കിലോമീറ്റര്‍ മാറിയുള്ള ഈ പ്രദേശത്താണ് റെസ്റ്റോറന്റ് സ്ഥിതിചെയ്യുന്നത്. ചൈനയുടെ കല്‍ക്കരി രാജ്യത്തിന്റെ ഹൃദയഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.



