ഫ്രാൻസിസ് മാർപാപ്പയുടെ കുമ്പസാരക്കാരനും സ്പാനിഷ് പുരോഹിതനുമായ മാനുവൽ ബ്ലാങ്കോ റോഡ്രിഗസ് അന്തരിച്ചു. എൺപത്തഞ്ചു വയസുകാരനായ വൈദികന്റെ മരണം ഓർഡർ ഓഫ് ദി മൈനർ ബ്രദേഴ്സ് (ഫ്രാൻസിസ്കൻസ്) സമൂഹം സ്ഥിരീകരിച്ചു. 20-ാം തീയതി വ്യാഴാഴ്ച രാത്രിക്കും ജൂൺ 21-ന് വെള്ളിയാഴ്ച അതിരാവിലെയ്ക്കും ഇടയിൽ ആയിരുന്നു മരണം എന്ന് ഫ്രാൻസിസ്കൻ സഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പ് വ്യക്തമാക്കുന്നു.
പൊതു നിർവ്വചകൻ, പ്രൊവിൻഷ്യൽ മിനിസ്റ്റർ, ഓർഡറിന്റെ വിവിധ സ്ഥാപനങ്ങളിലെ സന്ദർശകൻ, കൂടാതെ വൈസ്-റെക്ടർ, ഡീൻ, ഫിലോസഫി പ്രൊഫസർ, ഫ്രാൻസിസ് മാർപാപ്പയുടെ കുമ്പസാരക്കാരൻ എന്നീ നിലകളിൽ സേവനം ചെയ്ത വ്യക്തിയായിരുന്നു ഫാ. മാനുവൽ ബ്ലാങ്കോ റോഡ്രിഗസ്. ഇദ്ദേഹത്തിന്റെ മൃതസംസ്കാര ചടങ്ങുകൾ ജൂൺ 24-ന് തിങ്കളാഴ്ച 10:00-ന് (പ്രാദേശിക സമയം) റോമിലെ സാൻ്റി ക്വാറൻ്റ മാർട്ടീരി ഇ സാൻ പാസ്ക്വേൽ ബയ്ലോൺ പള്ളിയിൽ നടക്കും.
2015 സെപ്റ്റംബറിൽ, ഫ്രാൻസിസ് മാർപാപ്പ റേഡിയോ റെനസ്സെൻകയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുമ്പസാരത്തെ കുറിച്ച് പറഞ്ഞിരുന്നു. ഓരോ പതിനഞ്ച് അല്ലെങ്കിൽ ഇരുപത് ദിവസം കൂടുമ്പോഴും കുമ്പസാരം കേൾക്കാൻ അടുത്തുവരുന്നതിനു ദയകാണിക്കുന്ന ഫ്രാൻസിസ്കൺ വൈദികൻ ബ്ലാങ്കോയുടെ പക്കൽ താൻ കുമ്പസാരിക്കും എന്ന് അന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.



