വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പ്പത്തിനാലാം പിറന്നാള്‍. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവു കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. കത്തോലിക്ക സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പയെന്ന നിലയിലും ആദ്യമായി ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച മാര്‍പാപ്പയെന്ന ഖ്യാതിയും ഫ്രാന്‍സിസ് പാപ്പയ്ക്കാണ്.

1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്.