പാരീസ്: ക്ലോകോര്‍ട്ട് ടെന്നീസിന്റെ വശ്യതയായ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മത്സരങ്ങളുടെ ആദ്യ റൗണ്ട് നാളെ തുടങ്ങും. യു.എസ്.ഓപ്പണില്‍ കളിക്കാതിരുന്ന പ്രമുഖതാരങ്ങളടക്കം ഇറങ്ങുന്ന ഗ്രാന്‍ഡ് സ്ലാം ടൂര്‍ണ്ണമെന്റാണ് റോളണ്ട് ഗാരോസില്‍ നടക്കാന്‍ പോകുന്നത്. സീഡഡ് താരങ്ങല്ലാത്തവരുടെ യോഗ്യതാ മത്സരങ്ങള്‍ 21-ാം തീയതി മുതല്‍ റോളണ്ട് ഗാരോസില്‍ ആരംഭിച്ചുകഴിഞ്ഞു.

യു.എസ്.ഓപ്പണില്‍ പുറത്തായ ഒന്നാം നമ്പര്‍ ജോക്കോവിച്ച് മിഖായേല്‍ എമറിനോടാണ് ഏറ്റുമുട്ടുന്നത്. ഇറ്റാലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയാണ് ജോക്കോവിച്ച് യു.എസ്.ഓപ്പണിലെ ക്ഷീണം തീര്‍ത്തത്. റോജര്‍ ഫെഡററുടെ റോളണ്ട് ഗാരോസിലെ റെക്കോഡ് തകര്‍ക്കാനുള്ള അവസരവും ഇത്തവണ ജോക്കോവിച്ചിനെ കാത്തിരിക്കുന്നുണ്ട്. ഒരു തവണ മാത്രമേ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ളു. പക്ഷെ അഞ്ചു തവണയാണ് ഫൈനലില്‍ കളിച്ചത്. 70-17 എന്ന ഫെഡററുടെ ജയവും തോല്‍വിയും മറികടക്കാന്‍ ജോക്കോവിച്ചിന് മൂന്ന് മത്സരങ്ങള്‍ മതി. നിലവില്‍ 68-14 എന്നതാണ് ജോക്കോവിച്ചിന്റെ കളിമണ്‍ കോര്‍ട്ടിലെ ജയപരാജയ കണക്ക്. റോജര്‍ ഫെഡറര്‍ കളിക്കുന്നില്ല.

യു.എസ്. ഓപ്പണില്‍ കളിക്കാതിരുന്ന ആന്‍ഡി മറേയും ക്ലേ കോര്‍ട്ടിലെ രാജകുമാരനായ റഫേല്‍ നദാലും റോളണ്ട് ഗാരോസിലിറങ്ങും. നദാലിന്റെ എതിരാളി ജെറാസിമോവാണ്. 12 തവണയാണ് നദാല്‍ കളിമണ്‍ കോര്‍ട്ടില്‍ കിരീടം ഉയര്‍ത്തിയത്.

യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ ഡോമിനിക് തീമും മാറിന്‍ സിലിച്ചും ഒന്നാം റൗണ്ടില്‍ത്തന്നെ ഏറ്റുമുട്ടുകയാണ്. ആന്‍ഡി മറേയുടെ എതിരാളി കരുത്തനായ 16-ാം സീഡ് സ്റ്റാനിസ്ലാസ് വാവ്‌റിങ്കയാണ്. 13-ാം സീഡ് റൂബലേവിന്റെ എതിരാളി അമേരിക്കയുടെ ക്വെറിയാണ്.