തിരുവനന്തപുരം: അടൂര്‍ പ്രകാശിനെതിരെ കൂടുതല്‍ ആരോപണവുമായി ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസല്‍ ജലീല്‍ വധശ്രമക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ പ്രതികളെ സഹായിച്ചെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഷജിത്തിന്റെ ശബ്‌ദരേഖ ഡിവൈഎഫ്‌ഐ പുറത്തുവിട്ടു.

“ഞാനും അതില്‍ ഒരു കണ്ണിയായി. എഫ്‌ഐആര്‍ ഇട്ടില്ല. എംപിയൊക്കെ ഇടപെട്ടു. എംപി വിളിച്ചായിരുന്നു. എംപി തന്നെ എല്ലാം ക്ലിയറാക്കി തന്നു,” ഷജിത്തിന്റേതെന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐ പുറത്തുവിട്ട ശബ്‌ദരേഖയില്‍ പറയുന്നു. അതേസമയം, വെഞ്ഞാറമൂട് ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ടും അടൂര്‍ പ്രകാശിനെതിരെ ആരോപണമുയര്‍ന്നിട്ടുണ്ട്. മന്ത്രി തന്നെ അടൂര്‍ പ്രകാശിനെതിരെ പരസ്യമായി രംഗത്തെത്തി. സംഭവമുണ്ടായ ശേഷം കൊലയാളികള്‍ ഈ വിവരം അറിയിക്കുന്നതിനു അടൂര്‍ പ്രകാശ് എംപിയെ ബന്ധപ്പെട്ടിരുന്നതായി ജയരാജന്‍ ആരോപിച്ചു. കൊലയ്‌ക്കു ശേഷം ലക്ഷ്യം നിര്‍വഹിച്ചുവെന്ന് പ്രതികള്‍ അടൂര്‍ പ്രകാശിന് സന്ദേശം അയച്ചതായും ജയരാജന്‍ പറഞ്ഞു.

അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോള്‍ ഇതിന്റെ പിന്നില്‍ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ ആസൂത്രണം നടക്കുകയാണ്. അങ്ങനെയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ ജില്ലയിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ടെന്നും ജയരാജന്‍ ആരോപിച്ചു.

ആരോപണങ്ങള്‍ക്ക് പിന്നാലെ മറുപടിയുമായി അടൂര്‍ പ്രകാശ് എംപി രംഗത്ത് വന്നു. എംപിയെന്ന നിലയ്‌ക്ക് പലരെയും വിളിക്കാറുണ്ടെന്നും പലരെയും അടുത്തറിയുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു എന്നാല്‍ ന്യായമായ കാര്യങ്ങള്‍ക്കല്ലാതെ ഒരു പൊലീസ് സ്റ്റേഷനിലേക്കും താന്‍ വിളിച്ചിട്ടില്ലെന്നും പറഞ്ഞു. പാര്‍ട്ടിപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ഇടപെടുന്നത് തന്റെ കടമയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.