ന്യൂയോർക്ക് ∙ അമേരിക്കയിലെ മലയാളികൾക്കിടയിൽ ഒരു നന്മ മരമായി ജീവിക്കുന്ന നല്ല സമരിയക്കാരനായ ഫാ.മാത്യു കുന്നത്ത് നവതിയുടെ നിറവിൽ കാരുണ്യവർഷം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്. 2021 മേയ് 18 നു 90 വയസ് പൂർത്തിയാക്കിയ മാത്യു അച്ചന് പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകളുണ്ടെങ്കിലും അദ്ദേഹം വഴിയുള്ള കരുണ്യത്തിന്റെ നീർചാലുകൾ അനസ്യുതം ഒഴുകിക്കൊണ്ടിരിക്കുകയാണ്.

മാത്യു അച്ചനോടുള്ള സ്നേഹാദരസൂചകമായി അദ്ദേഹത്തിന്റെ 74–ാം പിറന്നാൾ ദിനമായ 2005 മേയ് 18 നു അദ്ദേഹത്തിന്റെ പേരിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് രൂപീകരിച്ച ഫാ. മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷന്റെ 16മത് വാർഷികാഘോഷവും അദ്ദേഹത്തിന്റെ നവതി ആഘോഷവും മേയ് 22 നു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ന്യൂജഴ്‌സിയിലെ സോമെർസെറ്റിലുള്ള സെയിന്റ് തോമസ് സിറോ മലബാർ കാത്തലിക്ക് ഫൊറോനാ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ തുടക്കം കുറിക്കും.

10 വൈദികർ ചേർന്ന് അർപ്പിക്കുന്ന വിശുദ്ധകുർബാനയിൽ ഫാ. മാത്യു കുന്നത്ത് മുഖ്യകാർമ്മികത്വം വഹിക്കും. സോമർസെറ്റ് സെയിന്റ് തോമസ് സിറോ മലബാർ കാത്തലിക്ക് ഫൊറോനാ മുൻ വികാരിയും ഷിക്കാഗോ രൂപത വികാരി ജനറലുമായ ഫാ. തോമസ് കടുകപ്പള്ളിൽ പിറന്നാൾ സന്ദേശവും വചന ശിശ്രൂഷയും നൽകും. സെയിന്റ് തോമസ് സീറോ മലബാർ കാത്തലിക്ക് ഫൊറോനാ വികാരി ഫാ.ടോണി പുള്ളുകാട്ടിൽ, മോൺ. പീറ്റർ കോച്ചേരി, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റർ അക്കനാത്ത്, ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സുനിൽ ഐന്നേക്കാട്ട്, ഫാ. ഫ്രാൻസിസ് ചെറുപറമ്പിൽ, ഫാ.ജെറോം ഏർത്തശേരി, ഫാ. മീണ വരപ്രസാദ്‌ എന്നിവരും സഹകാർമ്മികരായിരിക്കും.

മാത്യു അച്ചന്റെ സ്നേഹിതരും അദ്ദേഹം മുഖാന്തിരം അമേരിക്കയിൽ എത്തിയവരുമായ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും. കോവിഡ് മഹാമാരിമൂലം വളരെ ലളിതമായ അംഘോഷപരിപാടികൾ മാത്രമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുക്കുന്ന വിശുദ്ധ കുർബാനയിലും തുടർന്ന് നടക്കുന്ന ഹൃസ്വമായ അനുമോദന ചടങ്ങിലും സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെയുള്ള എല്ലാ നിയമപരമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ സംഘടിപ്പിക്കുക.

തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്ന മാത്യു അച്ചന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സിറോ മലബാർ സഭയുടെ പരമാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ചു ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം (ചങ്ങനാശേരി), ബിഷപ്പുമാരായ മാർ ജേക്കബ് അങ്ങാടിയത്ത് (ഷിക്കാഗോ), മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ), മാർ റാഫേൽ തട്ടിൽ (ഷംസാബാദ്), ഡോ. ചാക്കോ തോട്ടുമാരിൽ (ഇൻഡോർ), ഡോ. ജോർജ് മാമലശ്ശേരിൽ (ബിഷപ് എമിരിറ്റസ് ട്യൂറ, ഷില്ലോങ്), പാലാ രൂപത വികാരി ജനറൽ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, കോട്ടയം വിജയപുരം രൂപത ചാൻസലർ ഫാ. ജോസ് നവാസ്, പ്രമുഖ ധ്യാനഗുരുക്കന്മാരായ ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ആന്റണി തെക്കേനാത്ത് എന്നിവരുടെ പിറന്നാൾ സന്ദേശങ്ങൾ വിശുദ്ധ കുർബാനയ്ക്കു ശേഷം ചേരുന്ന അനുമോദന ചടങ്ങിൽ വച്ച് വായിക്കും.