കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമന് ‘മീഡിയവണ്‍’ എഡിറ്ററായി ചുമതലയേറ്റു. 1990ല്‍ ദേശാഭിമാനി ദിനപത്രത്തിലൂടെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച പ്രമോദ് രാമന് ഏഷ്യാനെറ്റ്, ഇന്ത്യവിഷന് എന്നീ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006 മുതല്‍ മനോരമ ന്യൂസ് സീനിയര്‍ കോഓഡിനേറ്റിങ് എഡിറ്ററാണ്.
1995ല്‍ ആരംഭിച്ച മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്‍െറ ആദ്യ വാര്‍ത്ത ബുള്ളറ്റിന് അവതാരകനായാണ് ദൃശ്യമാധ്യമരംഗത്തെത്തിയത്. മലയാളത്തിലെ ആദ്യ സമ്ബൂര്‍ണ വാര്‍ത്തചാനലായ ഇന്ത്യവിഷനില്‍ പ്രമോദ് രാമനുണ്ടായിരുന്നു. കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയായ പ്രമോദ് രാമന് രാവണീശ്വരം ഗവ.ഹൈസ്കൂളിലും കാഞ്ഞങ്ങാട് ഗവ.കോളജിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കേരള പ്രസ് അക്കാദമിയില്‍നിന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദം നേടി.
മലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ച കഥാകൃത്താണ്. കെ.പി. കുമാരന് സംവിധാനം ചെയ്ത കവി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.. ഭാര്യ ജയലക്ഷ്മി അധ്യാപികയാണ്. മകന്: അമലേന്ദു.



