ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിന്റെ പുതിയ സീസണ് വെടിക്കെട്ട് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ പ്രൊമോഷന്‍ കിട്ടിയെത്തിയ ബ്രെന്റ് ഫോര്‍ഡ് കരുത്തരായ ആഴ്സണലിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ മാഞ്ചസ്റ്രര്‍ യുണൈറ്രഡ് ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഹാട്രിക്കിന്റെ മികവില്‍ ലീഡ്സ് യുണൈറ്രഡിനെ ഗോള്‍ മഴയില്‍ മുക്കി. കൊവിഡിനെ തുടര്‍ന്നുള്ള വിലക്കുകള്‍ക്ക് ശേഷം ഈ സീസണില്‍ കാണികള്‍ക്ക് പൂര്‍ണമായി പ്രവേശനം അനുവദിച്ചിട്ടുണ്ട് നിലവില്‍.
ബ്രാവോ ബ്രെന്റ്ഫോര്‍ഡ്
ബ്രെന്റ്ഫോര്‍ഡിന്റെ തട്ടകത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ പൊസഷനിലും ഷോട്ടുകളിലും പാസിംഗിലുമെല്ലാം മികച്ച് നിന്നത് ആഴ്സനലായിരുന്നെങ്കിലും തക്കം പാര്‍ത്ത് വലകുലുക്കി ആതിഥേയര്‍ സ്വപ്ന തുടക്കം സ്വന്തമാക്കുകയായിരുന്നു. സെര്‍ഗി കനോസും ക്രിസ്റ്ര്യന്‍ നര്‍ഗാഡുമാണ് ബ്രെന്റ്ഫോര്‍ഡിനായി ലക്ഷ്യം കണ്ടത്.
74 വര്‍ഷത്തിന് ശേഷമാണ് ബ്രെന്റ് ഫോര്‍ഡ് ഒന്നാം ഡിവിഷനില്‍ കളിക്കാന്‍ അവസരം നേടിയെടുക്കുന്നത്. ഒന്നാം ഡിവിഷന്‍ പ്രിമിയര്‍ ലീഗ് ആയ ശേഷം ആദ്യവും. 22-ാം മിനിട്ടിലാണ് സെര്‍ഗി കനോസ് ബ്രെന്റ് ഫോര്‍ഡിന്റേയും പുതിയ പ്രിമിയര്‍ ലീഗ് സീസണിന്റെയും ആദ്യ ഗോള്‍ നേടിയത്. 77-ാം മിനിട്ടില്‍ ക്രിസ്റ്റ്യന്‍ നര്‍ഗാസ് ബ്രെന്റ് ഫോര്‍ഡിന്റെ ഗോള്‍ പട്ടികപൂര്‍ത്തിയാക്കി.
കനോസ് നേടിയത് പ്രിമിയര്‍ ലീഗ് ചരിത്രത്തില്‍ ബ്രെന്റ് ഫോര്‍ഡിന്റെ ആദ്യ ഗോള്‍.
ബ്രൂണോ പോഗ്ബ ഷോ
പുതിയ സീസണില്‍ മാഞ്ചസ്റ്രര്‍ യുണൈറ്രഡിന് അതിഗംഭീര തുടക്കം. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഹാട്രിക്കും പോള്‍ പോഗ്ബയുടെ നാല് അസിസ്റ്റുമാണ് മാഞ്ചസ്റ്രറിന് ലീഡ്സിനെതിരെ 5-1ന്റെ തകര്‍പ്പന്‍ ജയമൊരുക്കിയത്. മേസണ്‍ ഗ്രീന്‍വുഡും ഫ്രെഡും യുണൈറ്രഡിനായി ഒാരോ ഗോള്‍ വീതം നേടി. ലൂക്ക് അയിലിംഗാണ് ലീഡ്സിനായി ഒരു ഗോള്‍ മടക്കിയത്. ആദ്യ പകുതിയില്‍ യുണൈറ്രഡ് ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ്സ് അയിലിംഗിലൂടെ സമനില പിടിച്ചു. പിന്നീട് യുണൈറ്രഡ് നിറഞ്ഞാടിയതോടെ മാര്‍സലോ ബിയേല്‍സയുടെ കുട്ടികള്‍ക്ക് കാലിടറുകയായിരുന്നു.
30, 54, 60 മിനുട്ടുകളിലായിരുന്നു ബ്രൂണോയുടെ ഗോളുകള്‍ പിറന്നത്.മാഞ്ചസ്റ്റര്‍ യുണൈറ്രഡിന്റെ ജേഴ്സിയില്‍ ബ്രൂണോയുടെ ആദ്യ ഹാട്രിക്കാണിത്. കഴിഞ്ഞ സീസണില്‍ ആകെ 3 അസിസ്റ്റ് മാത്രം നല്‍കിയ പോഗ്‌ബ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ നാല് അസിസ്റ്രുകള്‍ നടത്തിയതില്‍ ആരാധകര്‍ വലിയ സന്തോഷത്തിലാണ്. റോസസ് റിവാലറിയിലെ തകര്‍പ്പന്‍ ജയം ഒലെ ഗുണ്ണര്‍ സോള്‍ഷേറെന്ന കോച്ചിനും വലിയ ആശ്വാസമാണ്. ബൊറൂഷ്യയില്‍ നിന്നെത്തിയ യുവ സൂപ്പര്‍താരം ജേഡന്‍ സാഞ്ചോ ഏഴുപത്തിയഞ്ചാം മിനിട്ടില്‍ പകരക്കാരനായിറങ്ങി യുണൈറ്രഡ് ജേഴ്സിയില്‍ അരങ്ങേറ്രം നടത്തി.
മെസിയില്ലാതെ ബാഴ്സ ഇന്നിറങ്ങുന്നു
മെസിയുഗത്തിന് ശേഷമുള്ള തങ്ങളുടെ ആദ്യ ലാലിഗ മത്സരത്തിന് ബാഴ്സലോണ ഇന്ന് ഇറങ്ങും. ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍ റയല്‍ സോസിഡാഡിനെതിരെയാണ് ബാഴ്സയുടെ മത്സരം. ഈ സീസണില്‍ ബാഴ്സയിലെത്തിയ അഗ്യൂറോ പരിക്കിന്റെ പിടിയിലായതിനാല്‍ ഇന്ന് കളിക്കില്ല. മറ്റൊരു താരം ഡിപെ ഇന്ന് ലാലിഗയില്‍ അരങ്ങേറ്റം കുറിക്കും.
അത്ലറ്റിക്കോയും കളത്തില്‍
നിലവിലെ ചാമ്ബ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡും ഇന്ന് പുതിയ സീസണിലെ ആദ്യ മത്സരത്തിനിറങ്ങും. സെല്‍റ്റ ഡി വിഗോയ്ക്കെതിരെ ഇന്ത്യന്‍ സമയം രാത്രി 9 മുതലാണ് മത്സരം.
ബയേണിന് സമനില കുരുക്ക്
മ്യൂണിക്ക്: ജര്‍മ്മന്‍ ബുണ്ടസ് ലിഗയില്ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ. ബയേണ്‍ മ്യൂണിക്ക് മോണ്ചെന്ഗ്ലാഡ്ബാഷിനോട് 1-1ന് സമനിലയില്‍ പരിഞ്ഞു. അലാസ്സെ പ്ലേ നേടിയ ഗോളില്‍ പത്താം മിനിട്ടില്‍ തന്നെ മോണ്‍ചെന്‍ഗ്ലാഡ്ബാഷ് ലീഡ് നേടിയിരുന്നു. 44-ാം മിനിട്ടില്‍ ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് ബേയണിന രക്ഷിച്ച സമനിലഗോള്‍ നേടിയത്.
മറ്റ് മത്സരങ്ങളില്‍ ഹോഫന്‍ഹീം 4-0ത്തിന് എഫ്.സി ഓഗ്സ്ബര്ഗിനേയും വി.എഫ്.ബി സ്റ്റട്ട്ഗാര്‍ട്ട് 5-1ന് ഫുര്ത്തിനേയും വീഴ്ത്തി.



