ന്യൂഡല്‍ഹി: രാജസ്ഥാനിലെ പീഡനം ഉടന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍ രംഗത്ത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനോടാണ് നടപടി ആവശ്യപ്പെട്ടത്. സംഭവം നടന്നിട്ട് രണ്ടു ദിവസം കഴിഞ്ഞു. പിടിക്കപ്പെട്ട പ്രതികളെ വിട്ടയച്ച നടപടി സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥയാണെന്ന് റാത്തോര്‍ പറഞ്ഞു.

രാജസ്ഥാന്‍ സ്ത്രീസുരക്ഷയ്ക്ക് പേരു കേട്ട നാടാണെന്ന് നാം അഭിമാനം കൊള്ളുന്നതിന് ഏറ്റ കളങ്കമാണെന്ന് റാത്തോര്‍ പറഞ്ഞു.പോലീസ് നടപടി വൈകിക്കുന്നതെന്താണെന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണം. 13,15 വയസ്സുമാത്രം പ്രായമുള്ളപെണ്‍കുട്ടികളെയാണ് ഉപദ്രവിച്ചത്. ജയ്പൂരിലും കോട്ടയിലും നടന്ന സംഭവത്തിലെ പ്രതികളെ രണ്ടു ദിവസം കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചത് ഞെട്ടലുളവാക്കുന്നുവെന്നും റാത്തോര്‍ പറഞ്ഞു. സഹോദരിമാരെ കടത്തിക്കൊണ്ടുപോയി കോട്ട, ജയ്പൂര്‍, അജ്‌മേര്‍ എന്നിവിടങ്ങളില്‍ വെച്ച് മൂന്ന് ദിവസം പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. അറസ്റ്റിലായവര്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പേരില്‍ ജൂവനൈൽ നിയമമനുസരിച്ചുമാത്രമാണ് വിട്ടയക്കപ്പെട്ടതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.