സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെ സുപ്രീംകോടതി സ്വീകരിച്ച കോടതിയലക്ഷ്യ നടപടിയും കുറ്റക്കാരനാണെന്ന കണ്ടെത്തലും രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങളെ തകര്‍ക്കുന്നതാണെന്ന് അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യ.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ വ്യക്തി സ്വാതന്ത്ര്യം പൂര്‍ണമായും നിഷേധിക്കുന്നതാണ് കോടതി നടപടി, ന്യായാധിപരുടെ പദവിക്ക് യോജിക്കാത്ത പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നത് കോടതിയെ അവഹേളിക്കുന്നതായി വ്യാഖ്യാനിക്കുന്നത് അപകടകരമാണ്. പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യവും വിമര്‍ശിക്കാനുള്ള അവകാശവും ഇല്ലാതാക്കി ജനങ്ങളെ ഭീതിയുടെ തടവിലാക്കുന്ന വിധി പിന്‍വലിക്കാന്‍ സുപ്രീംകോടതി തയ്യാറാവേണ്ടതുണ്ട്.

ജുഡീഷ്യറിയെ സ്വാര്‍ത്ഥ താല്പര്യക്കാരുടെ കരങ്ങളില്‍ നിന്നും രക്ഷിച്ചെടുക്കേണ്ട ബാധ്യതയും ഉത്തരവാദിത്വവും അഭിഭാഷക സമൂഹത്തിനുണ്ട്. സുപ്രീംകോടതി സ്വീകരിച്ചുപോരുന്ന ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ നടപടികള്‍ തിരുത്തുന്നതിന് അഭിഭാഷക സമൂഹം ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. നീതിന്യായ വ്യവസ്ഥയെ തന്നെ തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ പൊതുസമൂഹവും രംഗത്തുവരേണ്ടതുണ്ടെന്നും ജസ്റ്റീഷ്യ സംസ്ഥാന എക്സിക്റ്റീവ് പ്രസ്താവനയില്‍ പറഞ്ഞു.

ജസ്റ്റിഷ്യ സംസ്ഥാന പ്രസിഡന്റ് അഡ്വ.അഹമ്മദ് കുട്ടി പുത്തലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. താഹ എം ഹരിപ്പാട് .അഡ്വ ഫൈസല്‍.പി,അഡ്വ.അനീഷ് . അഡ്വ. മുഫീദ് എം.സി,അഡ്വ. എം.എം അലിയാര്‍,അഡ്വ.സി.എം മുഹമ്മദ് ഇക്ബാല്‍,അഡ്വ.സജീബ് കൊല്ലം ,അഡ്വ.സുബീര്‍.കെ, അഡ്വ.അമീന്‍ ഹസ്സന്‍ എന്നിവര്‍ പങ്കെടുത്തു.