പ്രളയം

പ്രണയമായ് പെയ്യുന്ന നീ എന്തുകൊണ്ടാണ്
പ്രളയമായ് തീരുന്നതൊന്നു ചൊല്ലൂ
വേനൽ വറുതിയിൽ പുതുമഴയായി നീ
വാതിൽക്കൽ മുട്ടി വിളിച്ചിടുമ്പോൾ

വയൽക്കിളികൾ പാടുന്ന ഞാറ്റു പാട്ടായി നീ-
വന്നു ഞങ്ങളെ കുളിരണിയിച്ചതല്ലെ
അവധി ആഘോഷം കഴിഞ്ഞു പൈതങ്ങൾ
ആവേശമായ് സ്ക്കൂളിൽ പോയിടുമ്പോൾ

കുട്ടിക്കുറുമ്പുമായ് നീ എത്തിയെന്നും, അവർക്കൊപ്പം
കാകളി പാടി തകർത്തതല്ലെ
ആഷാഢമാസത്തിൽ പഞ്ഞം പറയുമ്പോൾ
ആവേശമായ് കോരിച്ചൊരിഞ്ഞതല്ലെ

എത്രയോ നാളുകൾ നിൻവരവെന്നും ഞാൻ
അത്രമേലിഷ്ടമായ് കാത്തതല്ലെ
ഇന്നെന്തിനായി നീ പ്രളയമായ് ഭൂമിയിൽ പെയ്തിറങ്ങി
ഇന്നെന്തിനായി ഞങ്ങളെ മണ്ണിന്നടിയിലാക്കി

ഞങ്ങളായ് വെട്ടിപ്പിടച്ചതെല്ലാം, വെട്ടിനിരത്തിയ
വനങ്ങളെല്ലാം, മണ്ണിനെച്ചേർത്തു നിർത്തും വേരുകളും
വന്യമായ് പൊട്ടിച്ച പാറകളും, കുന്നും മലകളും എല്ലാം
അന്യമായ് തീർത്തത് ഞങ്ങളെത്തന്നെയല്ലെ

ദേവി