ബഗ്ദാദ്: തെക്കന്‍ ഇറാഖി നഗരമായ ബസ്റയില്‍ പ്രമുഖ വനിതാ ആക്റ്റീവിസ്റ്റിനെ അജ്ഞാതരായ തോക്കുധാരികള്‍ കൊലപ്പെടുത്തി. ബസ്റയില്‍ വനിതകള്‍ അണിനിരന്ന ഒട്ടേറെ മാര്‍ച്ചുകള്‍ക്കും നേതൃത്വം നല്കിയ ഡോ. റിഹാം യാക്കൂബ് (29) ആണ് കൊല്ലപ്പെട്ടത്. റിഹാമും സുഹൃത്തുക്കളും കാറില്‍ സഞ്ചരിക്കുന്നതിനിടെ ബൈക്കിലെത്തിയ ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ റിഹാമിനൊപ്പമുണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ക്കും പരിക്കേറ്റു. അതില്‍ ഒരാള്‍ പിന്നീട് മരിച്ചു.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സജീവമായ ആക്ടിവിസ്റ്റുകള്‍ക്ക് നേരേ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാംതവണയാണ് ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആക്ടിവിസ്റ്റായ തഹ്സീന് ഒസാമയും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ ബസ്റയിലെ പോലിസ് മേധാവിയെയും മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി പുറത്താക്കിയിരുന്നു. തെരുവിലിറങ്ങുകയും ഗവര്‍ണറുടെ വസതിക്ക് നേരേ ബോംബെറിയുകയും ചെയ്ത പ്രതിഷേധക്കാര്‍ ഇതോടെയാണ് ശാന്തരായത്. ഈ സംഭവത്തിന്റെ നടുക്കം മാറും മുന്‍പേയാണ് വനിതാ ഡോക്ടറും കൊല്ലപ്പെട്ടത്.
2018 മുതല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലും പൊതുരംഗത്തും സജീവമായിരുന്നു റിഹാം യാക്കൂബ്. നേരത്തെ യുഎസ് കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുത്തതിനും റിഹാമിന് വധഭീഷണിയുണ്ടായിരുന്നു.



