കൊച്ചി: ജോജു, ടോവിനോ തുടങ്ങി താരങ്ങള്‍ പ്രതിഫലം കൂട്ടി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെ നടന്‍ ബൈജു സന്തോഷും പ്രതിഫലം കുറയ്‌ക്കുന്നില്ലെന്ന് പരാതി. ബൈജു അഭിനയിച്ച മരട് 357 എന്ന സിനിമയുടെ നിര്‍മ്മാതാവാണ് പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചിരിക്കുന്നത്.

തന്റെ പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ബൈജുവുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റാണുളളതെന്നും അദ്ദേഹം പറയുന്നു . സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പ്രസ്തുത കരാറിന്റെ കോപ്പി ഉള്‍പ്പടെ നിര്‍മാതാവ് നല്‍കിയെന്നാണ് വിവരം. തുക പൂര്‍ണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലെന്നാണ് ബൈജുവിന്റെ നിലപാടെന്നാണ് നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിച്ചിരിക്കുന്നത്.

കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്‌ക്കുമെന്ന് നേരത്തെ തന്നെ നിര്‍മ്മാതാക്കളുമായി ധാരണയിലെത്തിയിരുന്നു. മോഹന്‍ലാല്‍ തന്റെ പ്രതിഫലം പകുതിയാക്കിയപ്പോള്‍ ചില യുവ താരങ്ങള്‍ ധാരണ പാലിക്കുന്നില്ലെന്ന ആക്ഷേപം കഴിഞ്ഞദിവസങ്ങളില്‍ തന്നെ ഉയര്‍ന്നിരുന്നു.