ന്യൂഡൽഹി: പ്രതിദിന കൊറോണ വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. ഇന്നലെ 88.13 ലക്ഷം പേർക്കാണ് വാക്‌സിൻ കുത്തിവെപ്പ് നടത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലമാണ് ഇത് സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. ഒറ്റദിവസം കൊണ്ട് 88 ലക്ഷത്തിലധികം ആളുകൾക്ക് കുത്തിവെപ്പ് നടത്തിയത് ചരിത്രനേട്ടമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ പറഞ്ഞു.
55.47 കോടി വാക്‌സിൻ ഡോസുകളാണ് കേന്ദ്ര സർക്കാർ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്. വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനങ്ങൾക്ക് ആവശ്യത്തിലുമധികം വാക്‌സിൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നത്.
നിലവിൽ 2.25 കോടി കൊറോണ വാക്സിനുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സംഭരിച്ചുവെച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതു കൂടാതെ 1,09,32,960 ഡോസുകൾ ഉടൻ തന്നെ വിതരണം ചെയ്യാനാണ് തീരുമാനം. നാല് വിദേശ വാക്‌സിനുകൾക്കും ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഒരു വാക്‌സിനുമാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.



