ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്. കോവിഡ് സ്ഥിരീകച്ചതിനെതുടര്‍ന്ന് ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണമായതോടെ അദ്ദേഹത്തിനരികില്‍ നിരീക്ഷണത്തിനായി സദാസമയവും ഡോക്ടര്‍മാരുണ്ട്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് പ്രണബിന്‍റെ ആരോഗ്യനില ഗുരുതരമായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.

‘പ്രണബ് മുഖര്‍ജിയുടെ നില മാറ്റമില്ലാതെ തുടരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. ഡോക്ടര്‍മാര്‍ സദാസമയവും അദ്ദേഹത്തിനടുത്തുണ്ട്, സൂക്ഷമ നിരീക്ഷണത്തിലാണ് കഴിയുന്നത്’-ആശുപത്രി അധികൃതര്‍ അറിയിച്ചു.

അച്ഛന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്, എന്നാല്‍ വഷളായിട്ടില്ല, കണ്ണുകളില്‍ നേരിയ ആശ്വാസം പ്രകടമാകുന്നുണ്ട് -മകള്‍ ഷര്‍മിഷ്ഠ മുഖര്‍ജി കഴിഞ്ഞദിവസം പറഞ്ഞിരുന്നു

അതേസമയം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയെക്കുറിച്ച്‌ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതില്‍ പ്രതിഷേധമറിയിച്ച്‌ നേരത്തേ അദ്ദേഹത്തിന്‍റെ മകനും മകളും രംഗത്തെത്തിയിരുന്നു. തങ്ങളുടെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും വ്യാജവാര്‍ത്തകളിലും ഊഹാപോഹങ്ങളിലും വീണുപോകരുതെന്നും അവര്‍ അഭ്യര്‍ഥിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വളരെ പ്രശസ്തരായ ജേണലിസ്റ്റുകള്‍ പോലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും മകന്‍ അഭിജിത് മുഖര്‍ജി ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.